കോൺഗ്രസിന് വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ അവർ കൂറുമാറി മറുകണ്ടം ചാടും എന്ന് രാഷ്ട്രീയ ശത്രുക്കൾ നിരന്തരം പരിഹസിക്കുന്ന കാര്യമാണ്. ഏറെക്കുറെ അത് ശരിയാണുതാനും. കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ കൂടുമാറി ബി.ജെ.പിയിൽ ചേരാതിരിക്കാൻ റിസോർട്ടിൽ കൊണ്ടുപോയി എം.എൽ.എമാരെ പൂട്ടിയിടേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അതൊക്കെ മുന്നിൽ കണ്ടാവണം ഗോവയിൽ സ്ഥാനാർഥികൾക്ക് ഒരു പുതിയ നിർദേശം നൽകിയിരിക്കുകയാണ് പാർട്ടി.
ഗോവയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ദൈവത്തെ സാക്ഷിയാക്കി ഒരു പ്രതിജ്ഞ എടുത്തു. 2019ല്‍ സംഭവിച്ചതുപോലുള്ള കൂറുമാറ്റങ്ങള്‍ ഇത്തവണ ഉണ്ടാകില്ലെന്നാണ് പ്രതിജ്ഞ. കോൺഗ്രസിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന എതിരാളികളുടെ പ്രചാരണത്തിനുള്ള മറുപടിയായാണ് സ്ഥാനാര്‍ഥികള്‍ ആരാധനാലയങ്ങളില്‍ പോയി പ്രതിജ്ഞ ചെയ്തത്.
കോൺഗ്രസിന്‍റെ 36 സ്ഥാനാർഥികളാണ് ക്ഷേത്രത്തിലും ക്രിസ്ത്യന്‍ പള്ളിയിലും മുസ്‍ലിം പള്ളിയിലുമായി തങ്ങളുടെ പാർട്ടിയോട് കൂറു പുലർത്തുമെന്ന് പ്രതിജ്ഞയെടുത്തത്. പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെയും കൊങ്കണിയിലെ ബാംബോലിം ക്രോസിലെയും ബെറ്റിമിലെ ഹംസ ഷാ ദര്‍ഗയിലെയും പ്രതിജ്ഞയ്ക്ക് ശേഷമുള്ള ചിത്രങ്ങള്‍ ഗോവ കോണ്‍ഗ്രസ് എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ പങ്കുവെച്ചു. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അടുത്ത അഞ്ച് വർഷം കോൺഗ്രസ് പാർട്ടിക്കൊപ്പം തുടരുമെന്ന് സ്ഥാനാര്‍ഥികള്‍ ആവര്‍ത്തിച്ചു.
"ഗോവക്കാര്‍ സാമുദായിക സൗഹാർദത്തിന് പേരുകേട്ടവരാണ്. അഞ്ച് വർഷം ഒരുമിച്ച് നിൽക്കുമെന്ന് മഹാലക്ഷ്മിയുടെ മുന്നിൽ ഞങ്ങൾ പ്രതിജ്ഞയെടുത്തു. 36 പേരും വന്നു. കത്തോലിക്കാ സമൂഹത്തെ സംബന്ധിച്ചിടത്തോളം പേരുകേട്ട ആരാധനാലയമായ ബാംബോലിം ക്രോസിലും പ്രതിജ്ഞ ചെയ്തു. ഞങ്ങൾ ഇക്കാര്യം വളരെ ഗൗരവമായാണ് കാണുന്നത്. ഞങ്ങളുടെ എം.എൽ.എമാരെ വിലയ്ക്കെടുക്കാന്‍ ഒരു പാർട്ടിയെയും അനുവദിക്കില്ല. ഞങ്ങള്‍ ദൈവത്തെ ഭയപ്പെടുന്ന ആളുകളാണ്. സർവ്വശക്തനിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. അതിനാൽ ഞങ്ങൾ കൂറുമാറില്ലെന്ന് പ്രതിജ്ഞയെടുത്തു"- മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് വ്യക്തമാക്കി.
ജനുവരിയിൽ ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി മൈക്കിൾ ലോബോ പറഞ്ഞതിങ്ങനെ- "കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് എം.എൽ.എമാര്‍ കൂറുമാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതിന് ശേഷം പാര്‍ട്ടിയില്‍ തുടരുമോ എന്ന ചോദ്യം വോട്ടര്‍മാരുടെ മനസിലുണ്ട്. അതുകൊണ്ടാണ് ഈ പ്രതിജ്ഞയെടുക്കാൻ തീരുമാനിച്ചത്."
Congress candidates from across Goa visit Mahalaxmi Temple, Bambolim Cross & Hamza Shah Darga and took a pledge of loyalty towards the people of Goa & the party. #PledgeOfLoyalty pic.twitter.com/dtfIFUyuwn
— Goa Congress (@INCGoa) January 22, 2022
പാർട്ടിയുടെ മുതിർന്ന തെരഞ്ഞെടുപ്പ് നിരീക്ഷകൻ പി ചിദംബരം, എ.ഐ.സി.സി നേതാവ് ദിനേശ് ഗുണ്ടു റാവു, ഗോവ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് ചോദങ്കർ എന്നിവരും പാർട്ടി സ്ഥാനാർഥികളെ ആരാധനാലയങ്ങളിലേക്ക് അനുഗമിച്ചു. നേരത്തെ പാർട്ടി വിട്ടുപോയവരെ തിരിച്ചെടുക്കില്ലെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
40 അംഗ നിയമസഭയാണ് ഗോവയിലേത്. കഴിഞ്ഞ നിയമസഭയിലെ 60 ശതമാനം എം.എല്‍എ.മാരും കൂറുമാറിയെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് 24 എം.എല്‍.എമാരാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൂറുമാറിയത്. ഇങ്ങനെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു- "ഇന്ത്യയിൽ മറ്റൊരിടത്തും ഇങ്ങനെ സംഭവിച്ചിട്ടില്ല. ജനവിധിയോടുള്ള തികഞ്ഞ അനാദരവിന്റെ വ്യക്തമായ പ്രതിഫലനം. അത്യാഗ്രഹത്താൽ കൈവിടുന്ന ധാര്‍മിക മൂല്യങ്ങള്‍" എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2017ൽ കോൺഗ്രസ് എം.എൽ.എ സ്ഥാനം രാജിവെച്ച് ബി.ജെ.പിയിൽ ചേർന്ന വിശ്വജിത് റാണെ, സുഭാഷ് ശിരോദ്കർ, ദയാനന്ദ് സോപ്‌തെ എന്നിവർ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.