കോൺഗ്രസിന് ഗോവൻ പ്രതിസന്ധി; മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കി

പനാജി: എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂടേറുമെന്ന അഭ്യൂഹങ്ങൾക്കിടെ ഗോവയിൽ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു നീക്കി കോൺഗ്രസ്. മൈക്കിൾ ലോബോ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്തിനെ വസതിയിലെത്തി സന്ദർശിച്ചതിനു പിന്നാലെയാണു നടപടി. കോൺഗ്രസ് വിളിച്ച വാർത്താസമ്മേളനത്തിലും മൈക്കിൾ ലോബോ പങ്കെടുത്തിരുന്നില്ല.

ഗോവൻ കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ ചേരാൻ എം.എൽ.എമാർ ഒരുങ്ങുന്നതായാണ് സൂചന. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും പ്രശ്‌നപരിഹാരത്തിനായി വിളിച്ച് ചേർത്ത യോഗത്തിൽ നിന്നും എം.എൽ.എമാർ വിട്ടു നിന്നു . എന്നാൽ പാർട്ടിയിൽ നിന്നും ആരും കൊഴിഞ്ഞു പോകില്ലെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

ഇന്നലെ ചേർന്ന യോഗത്തിൽ നിന്നും ദിഗംബർ കമ്മത്ത് ഉൾപ്പടെയുള്ള നാല് എം.എൽ.എമാരാണ് വിട്ടുനിന്നത് എങ്കിൽ ഇന്ന് നടന്ന യോഗത്തിൽ നിന്നും മറ്റ് മൂന്ന് എം.എൽ.എമാർ കൂടി വിട്ടു നിന്നു. ഇതോടെ ആകെയുള്ള 11 കോൺഗ്രസ് എം.എൽ.എമാരിൽ ആറോളം പേര് പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമായി. പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ, ദിഗംബർ കമ്മത്ത് എന്നിവരുടെ പേരുകളും പാർട്ടി വിട്ടേക്കാവുന്ന എം.എൽ.എമാരുടെ പട്ടികയിൽ ഉണ്ട്. എന്നാൽ പാർട്ടി വിടുമെന്നത് കിംവദന്തി മാത്രമാണെന്ന് മൈക്കിൾ ലോബോ പ്രതികരിച്ചു.

ഇന്നലെ നടന്ന യോഗം താൻ അറിഞ്ഞില്ലെന്നാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ദിഗംബർ കമ്മത്ത് പ്രതികരിച്ചത്. അതേസമയം ഒരു എം.എൽ.എയും പാർട്ടി വിട്ട് പോകില്ലെന്നാണ് ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദിനേശ് ഗുണ്ടു റാവു അവകാശപ്പെടുന്നത്. നേതാക്കൾ പാർട്ടി വിടുമെന്ന പ്രചാരണം തള്ളിയ ഗോവൻ പി.സി.സി അധ്യക്ഷൻ അമിത് പട്കർ വ്യാജപ്രചാരണങ്ങൾക്ക് പിന്നിൽ ബി.ജെ.പി ആണെന്നും ആരോപിച്ചു.

എതിർപ്പുള്ള എം.എൽ.എമാരെ അനുനയിപ്പിക്കാൻ ആണ് ഗോവയിൽ കോൺഗ്രസ് അടിയന്തര യോഗം ചേർന്നത്. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ ചില എം.എൽ.എമാർ യോഗത്തിൽ നിന്നും വിട്ട് നിന്നത് കോൺഗ്രസ് ക്യാംപിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിനിടെ ഹരിയാനയിലെ കോൺഗ്രസ് എം.എൽ.എയായ കുൽദീപ് ബിഷ്‌ണോയ് ബി.ജെ.പിയിൽ ചേരാനുള്ള നീക്കത്തിന്റെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയെയും അമിത് ഷായെയും സന്ദർശിച്ചു. രാജ്യസഭാ തെരഞ്ഞടുപ്പിൽ കാലുമാറിയ ബിഷ്‌ണോയിയെ പാർട്ടി ചുമതലകളിൽ നിന്ന് കോൺഗ്രസ് നേരത്തെ ഒഴിവാക്കിയതാണ്.

Tags:    
News Summary - Goa Congress Sacks Its Leader In Assembly For Planning Defections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.