ന്യൂഡൽഹി: കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പുകഴ്ത്തി ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ലൂസിഞ്ഞോ ഫലേറൊ. കോൺഗ്രസിൽനിന്ന് താൻ ഒരുപാട് കഷ്ടപാടുകൾ അനുഭവിച്ചിട്ടുണ്ടെന്നും ഇപ്പോൾ ഗോവക്കാരുടെ കഷ്ടതകൾ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും ലൂസിഞ്ഞോ പറഞ്ഞു.
കോൺഗ്രസ് വിട്ട് ലൂസിഞ്ഞോ തൃണമൂലിൽ ചേരുെമന്നും തിങ്കളാഴ്ച പ്രഖ്യാപനമുണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് ആക്കം കൂട്ടുന്നതാണ് ലൂസിഞ്ഞോയുടെ പുതിയ പ്രതികരണം.
നവേലിം മണ്ഡലത്തിലെ എം.എൽ.എ സ്ഥാനം അദ്ദേഹം രാജിവെച്ചു. രാജിക്കത്ത് സ്പീക്കർ രാജേഷ് പട്നേക്കറിന് തിങ്കളാഴ്ച അദ്ദേഹം കൈമാറുകയും ചെയ്തു. രാജിക്കത്ത് കൈമാറിയതിന് ശേഷം നൂറോളംവരുന്ന ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മാന്യമായ നിശബ്ദത പാലിച്ച് എല്ലാം ഞാൻ സഹിച്ചു. ഞാൻ ഇത്രമാത്രം കഷ്ടപാടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ കോൺഗ്രസിന് വോട്ട് ചെയ്ത് അധികാരത്തിലെത്തിച്ച ഗോവക്കാരുടെ അവസ്ഥ ചിന്തിച്ചുനോക്കൂ. ഈ കഷ്ടപാടുകൾ അവസാനിപ്പിക്കണം. ഗോവയിൽ പുതിയ പ്രഭാതം കൊണ്ടുവരണം' -അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന്‍റെയും തെരുവ് പോരാളിയുടെയും പ്രതീകമാണ് മമത ബാനർജിയെന്ന് ലൂസിഞ്ഞോ പറഞ്ഞു. 'സ്ത്രീ ശാക്തീകരണത്തിന്‍റെയും തെരുവ് പോരാളികളുടെയും പ്രതീകമാണ് മമത. വിഭജന ശക്തികളോട് പോരാടുകയാണ് അവർ. ബി.ജെ.പിക്ക് നേരിട്ടുള്ള വെല്ലുവിളിയും അവർ ഉയർത്തുന്നു. ഗോവയിൽ വരാനും ചുമതല ഏറ്റെടുക്കാനും ഞാൻ മമതയോട് അഭ്യർഥിക്കുന്നു' -ലൂസിഞ്ഞോ പ്രതികരിച്ചു. തനിക്ക് വയസായെങ്കിലും തന്‍റെ രക്തം ഇപ്പോഴും ചെറുപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടി നേതൃത്വവുമായി തുടരുന്ന തർക്കത്തെ തുടർന്നാണ് മുതിർന്ന നേതാവ് പാർട്ടി വിടുന്നതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. തൃണമൂൽ കോൺഗ്രസുമായി ലൂസിഞ്ഞോ ചർച്ച നടത്തിരുന്നു. ഇതിൽ പാർട്ടി മികച്ച ഓഫർ ലൂസിേഞ്ഞാക്ക് നൽകിയതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.