വിദ്യാർഥികളുമായി പള്ളി സന്ദർശിച്ചതിന് സ്കൂൾ പ്രിൻസിപ്പലിന് സസ്​പെൻഷൻ; അധ്യാപകന് പിന്തുണയുമായി വിദ്യാർഥികൾ

വാസ്കോ: പഠന ശിൽപശാലയുടെ ഭാഗമായി വിദ്യാർഥികളെ മസ്ജിദ് കാണിക്കാൻ കൊണ്ടുപോയതിന് ഗോവയിൽ സ്കൂൾ പ്രിൻസിപ്പലിന് സസ്​പെൻഷൻ. അധ്യാപകനെതിരായ നടപടി പിൻവലിക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥികൾ പ്ലക്കാർഡുകളുമേന്തി പ്രതിഷേധ പ്രകടനം നടത്തി. സൗത്ത് ഗോവയിലെ ഡബോളിമിലെ കേശവ് സ്മൃതി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ശങ്കർ ഗാവോങ്കറിനെയാണ് വിദ്യാഭ്യാസ വകുപ്പ് സസ്​പെൻഡ് ചെയ്തത്.

സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിക്കുന്നതിനായി മുമ്പും ക്ഷേത്രങ്ങളും ചർച്ചുകളും മസ്ജിദുകളും സമാനമായ രീതിയിൽ വിദ്യാർഥികളുമായി സന്ദർശിച്ചിട്ടുണ്ടെന്ന് സ്കൂൾ പ്രിൻസിപ്പൽ ശങ്കർ ഗാവോങ്കർ പറഞ്ഞു. "എല്ലാ മതങ്ങളിൽ നിന്നുമുള്ള കുട്ടികൾ സ്‌കൂളിൽ പഠിക്കുന്നുണ്ട്. മറ്റൊരു സ്‌കൂളിലെ ചില വിദ്യാർത്ഥികളും മസ്ജിദ് സന്ദർശിച്ചിരുന്നു. എന്തുകൊണ്ടാണ് എന്നെ സസ്‌പെൻഡ് ചെയ്തതെന്ന് അറിയില്ല’ -അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

വിദ്യാർഥികളെ പള്ളിയിലേക്ക് കൊണ്ടുപോയി ഹിജാബ് ധരിക്കാനും മതപരമായ ചടങ്ങുകൾ നടത്താനും നിർബന്ധിച്ചുവെന്ന വി.എച്ച്.പിയുടെ ആരോപണത്തെ തുടർന്നാണ് നടപടി. എന്നാൽ, മുസ്‍ലിം ആചാരങ്ങൾ പാലിക്കാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്നും പള്ളിയിൽ കയറുമ്പോൾ തലമറച്ചത് തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സ്‌കൂളിൽ നിന്നോ പ്രിൻസിപ്പലിൽ നിന്നോ ജീവനക്കാരിൽ നിന്നോ യാതൊരു സമ്മർദവും ഉണ്ടായിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി. സസ്‌പെൻഷനിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ബുധനാഴ്ച രാവിലെയാണ് പ്രകടനം നടത്തിയത്.

സ്റ്റുഡന്റ് ഇസ്‍ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യയുടെ (എസ്‌.ഐ‌.ഒ) ക്ഷണപ്രകാരമാണ് ശനിയാഴ്ച വിദ്യാർഥികൾ ഡബോളിമിലെ പള്ളി സന്ദർശിക്കാൻ പോയത്. ഇത്തരം സന്ദർശനങ്ങൾ പതിവാണെന്ന് ജമാത്തെ ഇസ്‌ലാമി ഹിന്ദ് ഗോവ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. എന്നാൽ, സ്കൂൾ പ്രിൻസിപ്പൽ ദേശവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണച്ചുവെന്നും ഇത് ചെറിയ കുട്ടികളെ ബ്രെയിൻ വാഷ് ചെയ്യാനും മതപരിവർത്തനം നടത്താനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Tags:    
News Summary - Goa school students protest against unjustified suspension of principal for masjid visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.