സ്വർണവിലയും എണ്ണവിലയും കുതിക്കുന്നു; ഓഹരി വിപണിക്ക് കനത്ത പ്രഹരം

യുക്രെയ്നെതിരെ റഷ്യ സൈനിക നടപടി തുടങ്ങിയത് ആഗോള വിപണിയിലും പ്രതിഫലിച്ചു. അസംസ്‌കൃത എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. ഏഴു വര്‍ഷത്തിനിടെ ഇതാദ്യമായാണ് അസംസ്‌കൃത എണ്ണവില 100 ഡോളര്‍ പിന്നിടുന്നത്.

കഴിഞ്ഞ നവംബറിനു ശേഷം 30 ശതമാനത്തിലേറെയാണ് എണ്ണവിലയിലുണ്ടായ വര്‍ധന. കോവിഡിന്റെ ആഘാതത്തില്‍ നിന്ന് ആഗോളതലത്തില്‍ സമ്പദ്ഘടനകള്‍ തിരിച്ചുവരവ് നടത്തിയതോടെ ഡിമാൻഡ് കൂടിയതാണ് നേരത്തെ ഘട്ടംഘട്ടമായി വിലവര്‍ധനക്ക് കാരണമായത്.

രാഷ്ട്രീയ അനിശ്ചിതത്വം സ്വര്‍ണവിലയെയും സ്വാധീനിച്ചു. രാവിലെ 9.20ലെ കണക്കുപ്രകാരം ആഗോള വിപണിയില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് 1.1ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,932 ഡോളര്‍ നിലവാരത്തിലെത്തി.

സംസ്ഥാനത്ത് സ്വര്‍ണവില പവന് 680 രൂപ കൂടി 37,480 രൂപയിലെത്തി. ഗ്രാമിന് 4685 രൂപയുമായി. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില.

ഇന്ത്യൻ ഓഹരി വിപണി കനത്ത ഇടിവിലാണ് വ്യാപാരം ആരംഭിച്ചത്. രാവിലെ ബോംബെ സൂചികയായ സെൻസെക്സ് 1936 പോയിന്‍റ് ഇടിഞ്ഞ് 55,296 പോയിന്‍റിലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 572 പോയിന്‍റ് താഴ്ന്ന് 16,491 പോയിന്‍റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 3.38 ശതമാനവും നിഫ്റ്റി 3.35 ശതമാനവുമാണ് ഇടിഞ്ഞത്.

ഏഷ്യൻ ഓഹരി വിപണിയും തിരിച്ചടി നേരിട്ടു. ജപ്പാന്‍റെ നിക്കി ഇൻഡെക്സ് 2.17 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി ഇൻഡെക്സ് 2.66 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

Tags:    
News Summary - gold price highest in 14 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.