ന്യൂഡൽഹി: പത്തുവർഷത്തോളം ഇന്ത്യക്കകത്തും പുറത്തും പറന്നിരുന്ന ‘വിസ്താര’ വിമാനങ്ങൾ ഇനിയില്ല. എയർ ഇന്ത്യയുമായുള്ള ലയനം പൂർത്തിയായതോടെയാണ് വിസ്താര ഓർമയായത്.
ചൊവ്വാഴ്ച മുതൽ എയർ ഇന്ത്യയുടെ പേരിലായിരിക്കും വിസ്താര സർവിസ് നടത്തുക. മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യു.കെ986 വിമാനവും ഡൽഹിയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യു.കെ 115 വിമാനവുമാണ് തിങ്കളാഴ്ച അവസാന സർവിസ് നടത്തിയത്. ചൊവ്വാഴ്ച മുതൽ വിസ്താര വിമാനങ്ങൾ ‘എ.ഐ2... എന്ന കോഡിലാണ് പറക്കുക.
ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ് വിസ്താര എയർലൈൻ. വിസ്താര എയർലൈൻസ് എയർ ഇന്ത്യയിൽ ലയിക്കുന്ന പ്രഖ്യാപനമുണ്ടായത് 2022 നവംബറിലാണ്. ലയനം പൂർത്തിയാകുന്നതോടെ സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25.1 ശതമാനം ഓഹരിയുണ്ടാകും.
2015 ജനുവരി ഒമ്പതിനാണ് രാജ്യത്തെ മുഴുസർവിസ് കാരിയറായി വിസ്താര സർവിസ് തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇന്ത്യൻ വിപണിയിൽ ശക്തമായ ആധിപത്യം നേടാൻ ബ്രാൻഡിനായി. 70 വിമാനങ്ങളുമായി വിസ്താര 350 സർവിസുകളാണ് ദിവസവും നടത്തിയിരുന്നത്. ആഭ്യന്തര സർവിസുകളിൽ ശക്തമായ സാന്നിധ്യമായിരുന്നു വിസ്താര. ഇൻഡിഗോ ആണ് മറ്റൊന്ന്. ഈ രണ്ടു കമ്പനികളാണ് രാജ്യത്തിനകത്ത് ഏറ്റവുമധികം സർവിസ് നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.