ലഖ്നോ: ഒാക്സിജൻ ലഭിക്കാതെ അറുപത് കുട്ടികൾ മരിച്ച ഗൊരഖ്പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ശനിയാഴ്ച രാത്രിയോടെ വിതരണം പൂർണമായും പുനഃസ്ഥാപിക്കും. ഒാക്സിജൻ വിതരണ കമ്പനിക്ക് നൽകാനുള്ള കുടിശ്ശിക 68 ലക്ഷം രൂപയിൽ 21 ലക്ഷം സർക്കാർ നൽകിയതോടെയാണ് വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള വഴിയൊരുക്കിയത്.
ബി.ആർ.ഡി മെഡിക്കൽ കോളജിൽ മൂന്ന് കമ്പനികളാണ് ഒാക്സിജൻ വിതരണം നടത്തുന്നത്. ഇതിൽ പുഷ്പ സെയിൽ എന്ന സ്ഥാപനമാണ് വിതരണം നിർത്തി വെച്ചത്.
പണം നൽകാത്തതിനെ തുടർന്ന് ആഗസ്റ്റ് ഒന്നിന് തന്നെ ആശുപത്രിയിലേക്കുള്ള ഒാക്സിജൻ വിതരണം നിർത്തിവെച്ചിരുന്നതായി കമ്പനി അറിയിച്ചു. 10 ലക്ഷത്തിൽ കൂടുതൽ തങ്ങൾ ആർക്കും കടം നൽകാറില്ല. ബി.ആർ.ഡി മെഡിക്കൽ കോളജ് തരാനുള്ള പണം 70 ലക്ഷം കഴിഞ്ഞപ്പോഴാണ് വിതരണം നിർത്തിവെച്ചത്. തങ്ങൾ മറ്റൊരു കമ്പനിയിൽ നിന്നാണ് ഒാക്സിജൻ വാങ്ങുന്നതെന്നും കമ്പനി ഉടമ ദീപാങ്കർ ശർമ്മ അറിയിച്ചിരുന്നു.
വിതരണം നിർത്തിവെക്കുന്നതിന് മുമ്പ് നിരവധി തവണ ആശുപത്രി മാനേജ്മെൻറിന് മുന്നറിയിപ്പ് നൽകിയിരുന്നതായും കമ്പനി വ്യക്തമാക്കി. ആഗ്സ്റ്റ് ഒമ്പതിന് വിതരണം പുന:സ്ഥാപിക്കുന്നത് നടത്തിയ ചർച്ചയിലും പണം നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.