ന്യൂഡൽഹി: ‘‘ജയിലിലായതിനാൽ മകളുടെ ആദ്യ ജന്മദിനം എനിക്ക് ആഘോഷിക്കാൻ കഴിഞ്ഞില്ല. അവൾക്കിപ്പോൾ ഒരു വയസ്സും ഏഴു മാസവുമായി. കുഞ്ഞ് വളർന്നുവരുന്നത് കാണാൻ കഴിയാത്തത് ശിശുരോഗ വിദഗ്ധനെന്ന നിലക്ക് എനിക്ക് ഹൃദയേഭദകമാണ്. ഒാരോ കുഞ്ഞിെൻറയും വളർച്ചയുടെ നാഴികക്കല്ലുകൾ പറഞ്ഞുകൊടുക്കാറുള്ള എനിക്ക് എെൻറ മകൾ നടന്നുതുടങ്ങുന്നത് കാണാൻപോലും ഭാഗ്യമുണ്ടായില്ല. കുഞ്ഞുങ്ങളെ ഒരു പിതാവെന്നപോലെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾക്ക് കിട്ടിയ ശിക്ഷയാണിത്.’’
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിൽ ഒാക്സിജൻ കിട്ടാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ സർക്കാറിെൻറ അനാസ്ഥ മാധ്യമങ്ങളറിഞ്ഞതിന് ബലിയാടാക്കപ്പെട്ട ഡോ. കഫീൽ അഹ്മദ് ജയിലിൽ നിന്നയച്ച കത്തിൽനിന്നുള്ള വരികളാണിത്. ഉത്തർപ്രദേശിലെ യോഗി സർക്കാറിൽനിന്നും അവർ നിയന്ത്രിക്കുന്ന പ്രോസിക്യൂഷനിൽനിന്നും നീതി ലഭിക്കാത്തത് ദേശീയ മാധ്യമങ്ങൾക്ക് മുമ്പാകെ പറയാനെത്തിയ കഫീലിെൻറ കുടുംബമാണ് ഇൗ കത്തിെൻറ കാര്യവും പറഞ്ഞത്.
സ്വന്തം ചെലവിൽ ഒാക്സിജൻ സിലിണ്ടറുകളെത്തിച്ച് പരമാവധി കുഞ്ഞുങ്ങളെ രക്ഷിച്ച കഫീലിനെ ശിശുഹത്യയിൽ മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പുരിലെ ബി.ആർ.ഡി ആശുപത്രി സന്ദർശിക്കാൻ വന്നപ്പോൾ ഭീഷണിപ്പെടുത്തിയതടക്കമുള്ള വിവരങ്ങൾ മാധ്യമപ്രവർത്തകരുമായി കുടുംബം പങ്കുവെച്ചു.
കുഞ്ഞുമകൾ സബ്രീനയുമായെത്തിയ ശബിസ്ത ഖാൻ കുടുംബം കടന്നുപോകുന്ന ദുരിതപർവം വിവരിച്ചു. രോഗിയായിത്തീർന്ന കഫീലിന് മതിയായ ചികിത്സപോലും നൽകുന്നില്ല. കഫീലിനുമേൽ ചുമത്തിയ ആരോപണങ്ങളിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണം പൂർത്തിയാക്കിയിട്ടും ജാമ്യഹരജി പരിഗണിക്കാതിരിക്കാൻ പ്രോസിക്യൂഷൻ തീയതി നീട്ടിക്കൊണ്ടുപോകുകയാണ്. നീതി കിട്ടുമെന്നുറപ്പുണ്ടെന്നും കോടതിക്കു മുന്നിൽ പ്രോസിക്യൂഷന് തെളിയിക്കാൻ കഴിയുന്നതല്ല കഫീലിനുമേൽ ചുമത്തിയ ആരോപണങ്ങളെന്നും ശബിസ്ത പറഞ്ഞു.
ശിശുമരണം നടന്ന ആശുപത്രിയിൽ ആ ദിവസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കഫീലിെൻറ നിരപരാധിത്വം ബോധ്യമാകുമെന്ന് സഹോദരൻ അദീൽ അഹ്മദ് ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.