ബംഗളൂരു: പുതിയ ബസുകള്‍ വാങ്ങാന്‍ കര്‍ണാടക ആർ.ടി.സിക്ക് 500 കോടി രൂപ അനുവദിച്ച് ഗതാഗത വകുപ്പ്. കെ.എസ്.ആര്.ടി.സി, കെ.കെ.ആർ.ടി.സി എന്നിവക്ക് 100 കോടി വീതവും ബി.എം.ടി.സി, എൻ.ഡബ്ല്യു.ആർ.ടി.സിക്ക് 150 കോടി വീതവുമാണ് അനുവദിച്ചത്. ശക്തി സൗജന്യ യാത്രപദ്ധതി ആരംഭിച്ചതോടെ ബസുകളിലെ തിരക്ക് കണക്കിലെടുത്താണു കൂടുതല്‍ ബസ് സര്‍വിസുകള്‍ ആരംഭിക്കുന്നത്.
അതേസമയം, പാഴ്സല്‍ സര്‍വിസ് വിതരണം കാര്യക്ഷമമാക്കാന്‍ 10 ലോറികള്‍ വാങ്ങാനും കര്‍ണാടക ആർ.ടി.സി തീരുമാനിച്ചു. ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് മൂന്നു വര്‍ഷം മുമ്പ് ആരംഭിച്ച നമ്മ കാര്‍ഗോ ലോജിസ്റ്റിക് സര്‍വിസ് കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ലോറികള്‍ വാങ്ങുന്നത്.
ആറു ടണ്‍ വരെ ചരക്കുകള്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന ലോറികളാണ് വാങ്ങുന്നത്. പോയന്റ് ടു പോയന്റ് സര്‍വിസുകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങളോടെയുള്ള എക്സ്പ്രസ് ബസുകള്‍ പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു. ശാന്തിനഗറിലെ കെ.എസ്.ആർ.ടി.സി ആസ്ഥാനത്തെത്തിച്ച ആദ്യ ബസിലെ സൗകര്യങ്ങള്‍ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.
ബംഗളൂരുവിനെയും വിവിധ ജില്ല ആസ്ഥാനങ്ങളെയും ബന്ധിപ്പിച്ചാണ് പോയന്റ് ടു പോയന്റ് ബസുകള്‍ സര്‍വിസ് നടത്തുക. 52 സീറ്റുകള്‍ ഉള്ള ബസില്‍ എല്‍.ഇ.ഡി ഡിസ്പ്ലേ ബോര്‍ഡുകള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, കൂടുതല്‍ ലഗേജുകള്‍ സൂക്ഷിക്കാനുള്ള റാക്കുകള്‍, സീറ്റുകള്‍ക്കിടയില്‍ കൂടുതല്‍ അകലം എന്നിവ ക്രമീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.