പതഞ്ജലി മരുന്നുകൾ നിരോധിച്ച് ഈ സംസ്ഥാനം; അഞ്ച് മരുന്നുകൾ ഇനിമുതൽ വിൽക്കാനാവില്ല

വ്യാജ മരുന്നുകൾക്ക് അതിശയോക്തിപരമായ പരസ്യംനൽകി വിൽക്കുന്ന ബാബ രാംദേവിന് വീണ്ടും തിരിച്ചടി. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ് പുറത്തിറക്കുന്ന അഞ്ച് മരുന്നകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു. ഉത്തരാഖണ്ഡിലെ ആരോ​ഗ്യ നിയന്ത്രണ അതോറിറ്റിയാണ് ബുധനാഴ്ച നിരോധനം നടപ്പാക്കിയത്. രക്തസമ്മർദ്ദം, പ്രമേഹം, ഗോയിറ്റർ, ​ഗ്ലോക്കോമ, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്കുള്ള ചികിത്സക്കായി കമ്പനി പുറത്തിറക്കിയിരുന്ന അഞ്ച് ഉത്പ്പന്നങ്ങളുടെ നിർമാണം നിർത്തി വെയ്ക്കാൻ പതഞ്ജലിയോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

പതഞ്ജലിയുടെ ആയുർവേദ ആരോഗ്യ ഉൽപ്പന്നങ്ങളുടെ ശ്രേണിയിൽ പ്രചരിപ്പിക്കുന്ന മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയുടെ ഉത്പാദനം നിർത്തിവെയ്ക്കാൻ ഇതിന്റെ നിർമ്മാതാക്കളായ ദിവ്യ ഫാർമസിയോട് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ആയുർവേദ, യുനാനി ലൈസൻസിങ് അതോറിറ്റി നിർദ്ദേശിച്ചു. പുതിയ അംഗീകാരം നേടുന്നതിനായി അഞ്ച് ഫോർമുലേഷനുകളിൽ ഓരോന്നിനും പുതുക്കിയ ഫോർമുലേഷൻ ഷീറ്റുകളും ലേബൽ ക്ലെയിമുകളും സമർപ്പിക്കാൻ പതഞ്ജലിയോട് അതോറിറ്റി ആവശ്യപ്പെട്ടിരിക്കുകയാണ്.

ഈ ഉത്പന്നങ്ങളുടെ പേരിൽ കമ്പനി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്നുള്ള നേത്രരോഗ വിദഗ്ധൻ കെ.വി. ബാബു ഈ വർഷം ജൂലൈയിൽ നൽകിയ പരാതി പരി​ഗണിച്ചാണ് അതോറിറ്റിയുടെ നടപടി.

രണ്ട് നിയമങ്ങളുടെയും ലംഘനമാണ് കമ്പനി നടത്തുന്നതെന്ന് ലൈസൻസിങ് അതോറിറ്റി ബുധനാഴ്ച ദിവ്യ ഫാർമസിയ്ക്ക് അയച്ച കത്തിൽ പറയുന്നു. ലിപിഡോം എന്ന ഉത്പ്പന്നം 'ഒരാഴ്‌ചയ്‌ക്കുള്ളിൽ' കൊളസ്‌ട്രോൾ കുറയ്ക്കുമെന്നും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിൽ നിന്നും രക്തസമ്മർദ്ദത്തിൽ നിന്നും ആളുകളെ സംരക്ഷിക്കുമെന്നുമാണ് പരസ്യത്തിൽ അവകാശപ്പെടുന്നതെന്ന് കെ.വി. ബാബുവിന്റെ പരാതിയിൽ പറയുന്നു.

പൊതുജനങ്ങൾക്ക് മുമ്പാകെ ഇത്തരത്തിലുള്ള പരസ്യങ്ങൾ എത്തുന്നതിൽ താൻ ഉൾപ്പടെയുള്ള ഡോക്ടർമാർക്കിടയിൽ ആശങ്കയുള്ളതിനാലാണ് അധികൃതരോട് പരാതിപ്പെടാൻ തീരുമാനിച്ചതെന്ന് കെ.വി. ബാബു പറഞ്ഞു. "ലൈസൻസിങ് അതോറിറ്റിയുടെ ഇന്നത്തെ തീരുമാനം തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്രം വിശ്വസിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന എല്ലാവർക്കും സ്വാഗതാർഹമാണെന്നും" കെ വി ബാബു പറഞ്ഞു.

ഈ അഞ്ച് ഉത്പ്പന്നങ്ങളുടെ പരസ്യം നൽകുന്നതിൽ നിന്നും പിൻമാറണം എന്ന് പതഞ്ജലിയോട് സെപ്റ്റംബർ ആദ്യം തന്നെ ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ദിവ്യ ഫാർമസിയുടെ പരസ്യങ്ങൾ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, 1940, മാജിക് റെമഡീസ് ആക്ട്, 1954 എന്നിവയുടെ ലംഘനമാണെന്നാണ് കെ.വി. ബാബു ലൈസൻസിങ് അതോറിറ്റിക്ക് നൽകിയിരിക്കുന്ന പരാതി. രക്തസമ്മർദ്ദം, ​ഗ്ലൂക്കോമ, ഗോയിറ്റർ, പ്രമേഹം, കരൾ രോ​ഗങ്ങൾ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ചില രോഗങ്ങളുടെ പ്രതിരോധം, ചികിത്സ, അല്ലെങ്കിൽ രോ​ഗശമനം എന്നിവ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾ ഈ നിയമങ്ങൾ നിരോധിക്കുന്നുണ്ട്.

പുതുക്കിയ സൂചനകൾ അതോറിറ്റി അംഗീകരിച്ചതിന് ശേഷം മാത്രമേ കമ്പനിക്ക് ഉത്പാദനം പുനരാരംഭിക്കാൻ കഴിയൂ എന്ന് ദിവ്യ ഫാർമസിക്ക് അയച്ച കത്തിൽ അതോറിറ്റി അറിയിച്ചു. അതോറിറ്റിയുടെ അംഗീകാരം ലഭിച്ച പരസ്യങ്ങൾ മാത്രമേ കമ്പനി ഭാവിയിൽ പ്രചരിപ്പിക്കാവൂ എന്നും അല്ലെങ്കിൽ മരുന്നുകളുടെ നിർമാണ ലൈസൻസ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - Uttarakhand government bars production of 5 Patanjali Ramdev medicines for misleading advertisements

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.