മുംബൈ: പ്രതിസന്ധിക്കിടയാക്കിയ െഎ.പി.എസ് ഉദ്യോഗസ്ഥരുടെ ആരോപണങ്ങളെ പ്രതിരോധിക്കാനുറച്ച് ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ (എം.വി.എ) സർക്കാർ. അംബാനി ഭീഷണി, മൻസുഖ് ഹിരേൻ കേസുകളിൽ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെ പ്രതിയായതോടെ പൊലീസ് കമീഷണർ പദവി തെറിച്ച പരംബീർ സിങ്, വ്യവസായികളിൽനിന്ന് കോടികൾ പിരിക്കാൻ സച്ചിൻ വാസെയോട് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടെന്ന് ആരോപിച്ചിരുന്നു. െഎ.പി.എസുകാരുടെ നിയമനത്തിന് മന്ത്രിമാർ പണം വാങ്ങുന്നതായി ആരോപിച്ച് മഹാരാഷ്ട്ര ഇൻറലിജൻസ് മേധാവിയായിരിക്കെ രശ്മി ശുക്ല നൽകിയ രഹസ്യ റിപ്പോർട്ട് ചോർന്നതും സർക്കാറിനെ കുഴക്കി. നിലവിൽ ഇവർ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. രശ്മിയുടെ ആരോപണം തള്ളിയും നിയമനം എസ്റ്റാബ്ളിഷ്മെൻറ് ബോർഡിെൻറ ശിപാർശ പ്രകാരമാണെന്നും ചീഫ്സെക്രട്ടറി മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് റിപ്പോർട്ട് നൽകി.
വകുപ്പ് സെക്രട്ടറിയുടെ അനുമതിയില്ലാതെയാണ് രശ്മി മന്ത്രിമാരുടെ ഫോൺചോർത്തിയതെന്നും രഹസ്യ രേഖ പുറത്തുവിട്ടത് ഔദ്യോഗിക രഹസ്യ നിയമത്തിെൻറ ലംഘനമാണെന്നും എം.വി.എ സർക്കാർ വിലയിരുത്തി. രശ്മി ബി.ജെ.പിയുടെ ഏജൻറാണെന്ന് എൻ.സി.പി ആരോപിച്ചു. എം.വി.എ സർക്കാർ രുപപെടുമ്പോൾ ഷിരോളിൽനിന്നുള്ള സ്വതന്ത്ര എം.എൽ.എയെ വിളിച്ച് ബി.ജെ.പിക്ക് ഒപ്പം നിൽക്കാൻ അവർ ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി ജിതേന്ദ്ര ആവാദ് ആരോപിച്ചു. സ്വതന്ത്ര എം.എൽ.എ രാജേന്ദ്ര യേദാവ്കർ നിലവിൽ സഹമന്ത്രിയാണ്.
ഇതിനിടയിൽ ആഭ്യന്തരമന്ത്രിക്കെതിരെ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് പരംബീർ സിങ് വ്യാഴാഴ്ച ബോംബെ ഹൈകോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം സുപ്രീംകോടതി ഹരജി തള്ളിയിരുന്നു. ഇരു വിഷയങ്ങളിലും ചീഫ്സെക്രട്ടറിയുടെ റിപ്പോർട്ട് തേടിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയമോപദേശവും തേടി. പരംബീറിെൻറ ആരോപണവും രശ്മിയുടെ രഹസ്യ റിപ്പോർട്ടും അന്വേഷിക്കാൻ വിരമിച്ച ഹൈകോടതി ജഡ്ജിയെ നിയോഗിക്കുന്നതും രഹസ്യ രേഖ പുറത്തുവിട്ടതിനെതിരെ കേസെടുക്കുന്നതും സംബന്ധിച്ചാണ് നിയമോപദേശം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.