ലോക മാധ്യമസ്വാതന്ത്ര്യ സൂചികയുടെ രീതിശാസ്ത്രം ശരിയല്ലെന്ന് കേന്ദ്രസർക്കാർ. കുറഞ്ഞ സാമ്പിൾ വലുപ്പവും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് വലിയ വെയിറ്റേജും നൽകാത്ത സംശയാസ്പദവും സുതാര്യവുമല്ലാത്ത രീതിശാസ്ത്രമാണ് ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയുടേതെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയിൽ അഭിപ്രായപ്പെട്ടു. വേൾഡ് പ്രസ്സ് ഫ്രീഡം ഇന്‍ഡെക്സിന്‍റെ പുതിയ റാങ്കിംങ്ങിനെക്കുറിച്ചുള്ള കോൺഗ്രസ് നേതാവായ മനീഷ് തിവാരിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ലോക മാധ്യമസ്വാതന്ത്ര്യ സൂചികയുടെ പുതിയ പട്ടികയിൽ ഇന്ത്യയ്ക്ക് 142ം റാങ്കാണുള്ളത്.
കഴിഞ്ഞ ജനുവരി 18ന് കശ്മീരിലെ പ്രസ് ക്ലബ് അടച്ചുപൂട്ടിയതിനെക്കുറിച്ചും തിവാരി ചോദ്യമുന്നയിച്ചിരുന്നു. എന്നാൽ 1860ലെ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്‌ട് പ്രകാരം ഈ ക്ലബ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ക്ലബിന് അംഗീകൃത മാനേജിംഗ് ബോഡി ഇല്ലായിരുന്നെന്നും റായ് മറുപടി പറഞ്ഞു.
രാജ്യത്ത് 2020ൽ യു.എ.പി.എ പ്രകാരം 796 കേസുകൾ രജിസ്റ്റർ ചെയ്തതായും 1,321പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. ഇതിൽ 80 പേരെ ശിക്ഷിക്കുകയും 116 പേരെ കുറ്റവിമുക്തരാക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.