ബംഗളൂരു: കർണാടകയിലെ സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് അക്ഷരമാലയോ ഗണിതത്തിലെ കൂട്ടലോ കുറക്കലോ അറിയില്ല. എട്ടാംക്ലാസ് വിദ്യാർഥികൾക്ക് പോലും ഒന്നാം ക്ലാസുകളിലേതടക്കം താഴെയുള്ള ക്ലാസുകളിലെ പുസ്തകങ്ങൾ വായിക്കാനുമറിയില്ല. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ 1995 മുതൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ‘പ്രഥം’ നടത്തിയ സർവേയിലാണ് കണ്ടെത്തൽ.
സർവേ വിവരങ്ങളുള്ള ‘ആന്വൽ സ്റ്റാറ്റസ് ഓഫ് എജുക്കേഷൻ 2022’ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാംക്ലാസിൽ പഠിക്കുന്ന 44 ശതമാനം വിദ്യാർഥികൾക്കും അക്ഷരമാല പോലും അറിയില്ല. കുട്ടികളുടെ പഠനനിലവാരം വൻതോതിൽ കുറയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 22.2 ശതമാനം പേർക്ക് മാത്രമേ കണക്ക് കിഴിക്കാൻ അറിയൂ. 2018ൽ 26.4 പേർക്ക് ഇത് അറിയാമായിരുന്നു. 20.5 ശതമാനം കുട്ടികൾക്ക് 2018ൽ കണക്ക് കൂട്ടാൻ അറിയുമായിരുന്നു.
എന്നാൽ, 2022ൽ ഇവരുടെ എണ്ണം 13.3 ശതമാനമായി കുറഞ്ഞു. എട്ടാം ക്ലാസിലെ 22.5 ശതമാനം കുട്ടികൾക്ക് മാത്രമേ ഒന്നാംക്ലാസ് പുസ്തകങ്ങൾ വായിക്കാനറിയൂ. 59.9 ശതമാനം പേർക്ക് രണ്ടാംക്ലാസുകളിലെ പുസ്തകം വായിക്കാനറിയാം.
30 ജില്ലകളിലെ 900 ഗ്രാമങ്ങളിലെ 17,814 വീടുകളിലെ കുട്ടികൾക്കിടയിലാണ് സർവേ നടത്തിയത്. മൂന്നുമുതൽ 16 വയസ്സുവരെ പ്രായമുള്ള 31,854 വിദ്യാർഥികളാണ് സർവേയിൽ പങ്കെടുത്തത്. 2018ൽ എട്ടാംക്ലാസിൽ പഠിക്കുന്ന 66.2 ശതമാനം ആൺകുട്ടികൾക്ക് രണ്ടാം ക്ലാസുകളിലെ പാഠപുസ്തകങ്ങൾ വായിക്കാൻ അറിയുമായിരുന്നു. എന്നാൽ, 2022ൽ ഇത് 53.2 ശതമാനമായി കുറഞ്ഞു.
പെൺകുട്ടികളുടെ കാര്യത്തിൽ ഇത് 73.8 ശതമാനത്തിൽ നിന്ന് 65.8 ശതമാനമായാണ് കുറഞ്ഞത്. 2012ൽ അഞ്ചാംക്ലാസിലെ 48.57 ശതമാനം വിദ്യാർഥികൾക്ക് രണ്ടാംക്ലാസിലെ പുസ്തകങ്ങൾ വായിക്കാൻ കഴിയുമായിരുന്നു.എന്നാൽ 2022ൽ ഇത് 30.2 ശതമാനമായി കുറഞ്ഞു. കർണാടകയിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലും വൻ കുറവാണുള്ളത്. 2006ൽ 78.7 ശതമാനമായിരുന്നു സ്കൂളിൽ എത്തിയിരുന്ന കുട്ടികളുടെ എണ്ണം. ഇത് 2022ൽ 76.3 ശതമാനമായി കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.