അഹ്മദാബാദ്: ആന്റിബോഡികൾ ചീത്ത കോശങ്ങളെ പ്രതിരോധിക്കുന്നതുപോലെ ദേശവിരുദ്ധ ശക്തികൾക്കെതിരെ ജാഗ്രത പുലർത്തേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി.നഡ്ഡ.
ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കുമ്പോഴായിരുന്നു നഡ്ഡയുടെ പരാമർശം. ഇന്ത്യാവിരുദ്ധ ശക്തികളുടെയും തീവ്രവാദ സംഘടനകളുടെയും ഭീഷണിയും സ്ലീപ്പർ സെല്ലുകളെയും കണ്ടെത്തി ഇല്ലാതാക്കാൻ സെൽ രൂപവത്കരിക്കുമെന്നും നഡ്ഡ പ്രഖ്യാപിച്ചു. ഏക സിവിൽ കോഡ് ദേശീയവിഷയമാണെന്നും അത് നടപ്പാക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിഭവങ്ങളും അതിന്റെ ഉത്തരവാദിത്തങ്ങളും എല്ലാവർക്കും തുല്യമാണ്. അതിനാൽ ഏക സിവിൽ കോഡ് സ്വാഗതാർഹമായ നടപടിയാണ്. ഇത് കഴിയുന്നത്ര സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ മുസ്ലിം സ്ഥാനാർഥികൾ ഇല്ലാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം എന്നതാണ് പാർട്ടിയുടെ നയമെന്നായിരുന്നു മറുപടി. വിജയസാധ്യത നോക്കിയാണ് സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നും നഡ്ഡ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.