മംഗളൂരു: മൈസൂരു വികസന അതോറിറ്റിയുടെ (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ പ്രതിഷേധവുമായി തിങ്കളാഴ്ച കർണാടകയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിലിറങ്ങി. ജില്ല, താലൂക്ക് ആസ്ഥാനങ്ങളിൽ പ്രതിഷേധം അരങ്ങേറി.
ബംഗളൂരുവിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ മന്ത്രിമാരും എം.എൽ.എമാരുമടക്കമുള്ളവർ അണിനിരന്നു. ഗവർണറെ പരിഹസിച്ചുള്ള പ്ലക്കാർഡുകളും കട്ടൗട്ടുകളുമായായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. മുഴുവൻ മന്ത്രിമാരും എം.എൽ.എമാരും കോൺഗ്രസ് പാർട്ടിയും മുഖ്യമന്ത്രിക്കൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. താനല്ല രാജിവെക്കേണ്ടത്, ഗവർണറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. ഹുബ്ബള്ളി- ധാർവാഡ്, വിജയപുര, കലബുറഗി, റായ്ച്ചൂർ, തുമകൂരു, മൈസൂരു എന്നിവിടങ്ങളിലും വൻ പ്രതിഷേധം അരങ്ങേറി.
മംഗളൂരുവിൽ അക്രമാസക്തരായ പ്രതിഷേധക്കാർ നടത്തിയ കല്ലേറിൽ ലാൽബാഗിൽ സ്വകാര്യ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ഏതാനും യാത്രക്കാർക്ക് സാരമല്ലാത്ത പരിക്കേറ്റു.
ടയറുകൾ കത്തിച്ചുള്ള പ്രതിഷേധം നഗരത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബി.ജെ.പി ഭരിക്കുന്ന മംഗളൂരു കോർപറേഷൻ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് ബസിന് കല്ലെറിഞ്ഞത്. ഡി.സി.സി പ്രസിഡന്റ് ഹരീഷ് കുമാർ എം.എൽ.സി, ഐവൻ ഡിസൂസ എം.എൽ.സി, അശോക് കുമാർ റൈ എം.എൽ.എ, മുൻ മന്ത്രി ബി. രമാനാഥ റൈ, പ്രകാശ് റതോഡ് എന്നിവർ നേതൃത്വം നൽകി.
ഉഡുപ്പിയിൽ അജർക്കാട് ഡി.സി.സി ഓഫിസ് പരിസരത്തുനിന്നാരംഭിച്ച പ്രതിഷേധ റാലി ബ്രഹ്മഗിരി ഓസ്കാർ ഫെർണാണ്ടസ് സർക്കിളിൽ സമാപിച്ചു. കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷൻ വിനയകുമാർ സൊറകെ, ദിനേശ് കിണി, കിഷൻ ഹെഗ്ഡെ, മഞ്ചുനാഥ ഭണ്ഡാരി എം.എൽ.സി, ഗോപാൽ പൂജാരി എന്നിവർ നേതൃത്വം നൽകി. മംഗളൂരുവിൽ പ്രതിഷേധത്തിനിടെ കോൺഗ്രസുകാർ ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഐവൻ ഡിസൂസ എം.എൽ.സിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട എം.പി, ബി.ജെ.പി എം.എൽ.എമാരായ വേദവ്യാസ് കാമത്ത്, ഡോ. വൈ. ഭരത് ഷെട്ടി എന്നിവർ ആവശ്യപ്പെട്ടു. ഐവന്റെ പ്രകോപന പ്രസംഗത്തിന് പിന്നാലെയാണ് കല്ലേറുണ്ടായതെന്ന് അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.