ഉത്തർപ്രദേശ്: ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർണാടകയിലെ ശൃംഗേരി ശാരദമഠം ആത്മീയാചാര്യൻ സ്വാമി ഗോവിന്ദാനന്ദ സരസ്വതി മഹാരാജ്. സ്വാമി അവിമുക്തേശ്വരാനന്ദയെ ‘വ്യാജ ബാബ’ എന്നുവിശേഷിപ്പിച്ച അദ്ദേഹം അവിമുക്തേശ്വരാനന്ദക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എന്നീ ആരോപണങ്ങളും ഉന്നയിച്ചു.
അവിമുക്തേശ്വരാനന്ദ സന്യാസി ആയി നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസാണ് അയാളുടെ പിന്നിൽ. ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ഗുരുതര ആരോപണങ്ങളുമായി ഗോവിന്ദാനന്ദ സരസ്വതി മഹാരാജ് രംഗത്തു വന്നത്. അവിമുക്തേശ്വരാനന്ദ എന്ന വ്യാജ ബാബ വളരെ ജനപ്രിയനാവുകയാണ്. പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ കാൽ തൊട്ടു. മുകേഷ് അംബാനിയെപ്പോലുള്ള വലിയ വ്യവസായി അദ്ദേഹത്തെ വീട്ടിലേക്ക് സ്വാഗതം ചെയ്തു.
അവിമുക്തേശ്വരാനന്ദ ഒരു നമ്പർ വൺ വ്യാജ വ്യക്തിയാണ്. അദ്ദേഹത്തിന്റെ പേരിൽ പോലും സാധുവോ സന്യാസിയോ എന്നിങ്ങനെ ചേർക്കാൻ പോലും യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്ന ആരോപണം സ്വാമി അവിമുക്തേശ്വരാനന്ദ ഉന്നയിച്ചിരുന്നു.
അയാൾക്ക് സ്വർണ്ണവും പിച്ചളയും തമ്മിലുള്ള വ്യത്യാസം പോലും അറിയാമോ എന്നും ഗോവിന്ദാനന്ദ സരസ്വതി ചോദിച്ചു. വാരണാസി കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അവിമുക്തേശ്വരാനന്ദയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം ഞങ്ങൾക്ക് സുപ്രീം കോടതിയോട് പറയണം. കോൺഗ്രസ് അവിമുക്തേശ്വരാനന്ദയെ പിന്തുണക്കുകയാണെന്നും ഗോവിന്ദാനന്ദ സരസ്വതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.