ഉദയ്പുർ കൊലപാതകത്തോടനുബന്ധിച്ച് സമൂഹമാധ്യമങ്ങൾക്ക് പ്രത്യേക നിർദേശം നൽകി കേന്ദ്രം. കൊലപാതകത്തെ പ്രോത്സാഹിപ്പിക്കുന്നതോ മഹത്വവൽക്കരിക്കുന്നതോ ന്യായീകരിക്കുന്നതോ ആയ എല്ലാ ഉള്ളടക്കവും നീക്കം ചെയ്യാൻ എല്ലാ സോഷ്യൽ മീഡിയ കമ്പനികൾക്കും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകിയ കത്തിൽ പറയുന്നു. 'പൊതു സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ എന്ന പേരിലാണ്' കത്ത് നൽകിയിരിക്കുന്നത്.
ഓൺലൈനിൽ അപ്‌ലോഡ് ചെയ്ത കൊലപാതകത്തിന്റെ വീഡിയോകൾ കൂടാതെ, കൊലപാതകത്തെ മഹത്വവൽക്കരിക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്ന നിരവധി പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സന്ദേശത്തിൽ മന്ത്രാലയം അധികൃതർ പറഞ്ഞു.ശബ്ദ സന്ദേശങ്ങൾ, ഓഡിയോ, വീഡിയോ, ഫോട്ടോ, എഴുത്ത് എന്നിവയുടെ രൂപത്തിലുള്ള എല്ലാ ഉള്ളടക്കവും ഉടനടി നീക്കം ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.
കഴിഞ്ഞദിവസം ഉദയ്പുരിൽ കനയ്യ ലാൽ എന്ന തയ്യൽക്കാരനാണ് കൊലചെയ്യപ്പെട്ടത്. റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നിവരാണ് പ്രതികൾ. ഇവർ 10 ദിവസത്തെ എൻ.ഐ.എ കസ്റ്റഡിയിലാണ്. ജൂലൈ 12 വരെ പ്രതികൾ കസ്റ്റഡിയിൽ തുടരും. ഉദയ്പൂരിലെ ധന്മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം അരങ്ങേറിയത്. പ്രവാചകനിന്ദ നടത്തിയതിനെ തുടർന്ന് ബി.ജെ.പി സസ്പെൻഡ് ചെയ്ത നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്നാരോപിച്ച് തയ്യൽക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളായ ഗൗസ് മുഹമ്മദ്, റിയാസ് എന്നിവരെ പൊലീസ് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തു.
ജയ്പൂർ കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുപോകുമ്പോൾ പ്രതികൾക്കുനേരേ ആക്രമണം ഉണ്ടായിരുന്നു. പാകിസ്താൻ തുലയട്ടെയെന്ന മുദ്രവാക്യം വിളിച്ച അഭിഭാഷകരാണ് ആക്രമണം അഴിച്ചുവിട്ടത്. ഏറെ പണിപ്പെട്ടാണ് പൊലീസ് പ്രതികളെ വാഹനത്തിലേക്ക് മാറ്റിയത്. പ്രതികളെ അഭിഭാഷകർ ആക്രമിക്കുന്നതിന്റെ വിഡിയോയും പുറത്ത് വന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.