ന്യൂഡൽഹി: സാമൂഹിക മാധ്യമമായ വാട്സ്ആപ്പിൽ ഇസ്രായേൽ സാങ്കേതിക വിദ്യയും സ്ഥാപനവും മുഖേന ചാരപ്പണി. മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, മനുഷ്യാവകാശ-സാമൂഹിക പ്രവർത്തകർ, നയതന്ത്രജ്ഞർ, രാഷ്ട്രീയ എതിരാളികൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വാട്സ്ആപ്പിൽ നുഴഞ്ഞുകയറി പാസ്വേർഡ് അടക്കം സൂക്ഷ്മ വിവരങ്ങളും ചിത്രങ്ങളും ചോർത്തിയെന്ന് വാട്സ്ആപ് ഉടമകളായ ഫേസ്ബുക്ക് തന്നെയാണ് വെളിപ്പെടുത്തിയത്.
സർക്കാർ ഏജൻസികൾക്കു മാത്രമാണ് ഈ സൗകര്യം ചെയ്തുകൊടുക്കുന്നതെന്ന് ചാരപ്പണി സ്ഥാപനം വ്യക്തമാക്കി. ഇന്ത്യയിലും ചാരപ്പണി നടത്തിയെന്നിരിക്കേ, മോദിസർക്കാറും പ്രതിക്കൂട്ടിലായി. സ്വകാര്യതയിൽ കടന്നുകയറിയതിന് കേന്ദ്രസർക്കാറിൽ നിന്ന് വിശദീകരണം തേടണമെന്ന് കോൺഗ്രസ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
ഇസ്രായേലിെൻറ പെഗാസസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് ചാരവൃത്തി സ്ഥാപനമായ എൻ.എസ്.ഒ ഗ്രൂപ്പാണ് ഇന്ത്യയിൽ നിന്നടക്കം ആഗോളതലത്തിൽ ഉന്നമിട്ടവരുടെ മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ ചോർത്തിയത്. ഇങ്ങനെ ചാരപ്പണിക്കു വിധേയരായവരുടെ എണ്ണം 1400ൽ കുറയില്ലെന്നാണ് വാട്സ്ആപ് കണക്കാക്കുന്നത്. എന്നാൽ, ആരൊക്കെ ഉന്നമാക്കപ്പെട്ടു എന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല. ആഗോളതലത്തിൽ 150 കോടി ഉപയോക്താക്കൾ വാട്സ്ആപ്പിനുണ്ട്. ഇതിൽ 40 കോടിയും ഇന്ത്യക്കാരാണ്.
ലോക്സഭ തെരഞ്ഞെടുപ്പു നടന്ന മേയിലും അതിനു മുമ്പുമാണ് ഇന്ത്യയിൽ ചാരപ്പണി നടന്നതെന്ന് വാട്സ്ആപ് വിശദീകരിക്കുന്നത് വിഷയത്തിെൻറ ഗൗരവം ഒന്നുകൂടി വർധിപ്പിച്ചു. വിഡിയോ കോളിങ് സംവിധാനത്തിലൂടെ കടന്നുകയറുന്ന രഹസ്യ േപ്രാഗ്രാമുകൾ ഉപയോഗപ്പെടുത്തിയാണ് മൊബൈലുകളിൽ ചാരപ്പണി നടത്തിയത്. മേയിൽ അതു കണ്ടെത്തി തടയാനും സുരക്ഷിതത്വ സോഫ്റ്റ്വെയർ ക്രമീകരണം ഒരുക്കാനും കഴിഞ്ഞിട്ടുണ്ടെന്നാണ് സ്ഥാപനത്തിെൻറ അവകാശവാദം. ചാരപ്പണി നടന്ന വിവരം, മൊബൈൽ ഉടമകളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രായേൽ സൈബർ രഹസ്യാന്വേഷണ കമ്പനിയായ എൻ.എസ്.ഒ ഗ്രൂപ്പിനെതിരെ ചാരപ്പണിക്ക് കാലിഫോർണിയ കോടതിയിൽ ഹരജി നൽകിയിരിക്കുകയാണ് അമേരിക്കൻ സ്ഥാപനമായ വാട്സ്ആപ്പിെൻറ ഉടമകളായ ഫേസ്ബുക്ക്. വാട്സ്ആപ് ഉപയോക്താക്കളുടെ പക്കൽനിന്ന് വിലപ്പെട്ട വിവരങ്ങൾ ചോർത്തുന്നതിന് ദുരൂഹ സോഫ്റ്റ്വെയർ ഉപയോഗിച്ചുവെന്നാണ് പരാതി. ഇത് നിഷേധിച്ചുകൊണ്ട് ഇറക്കിയ പ്രസ്താവനയിൽ എൻ.എസ്.ഒ തന്നെയാണ് സർക്കാർ പങ്കാളിത്തം വെളിപ്പെടുത്തിയത്. പൊലീസ്, രഹസ്യാന്വേഷണ ഏജൻസികളെ ഭീകരത, കടുത്ത കുറ്റകൃത്യങ്ങൾ എന്നിവ നേരിടുന്നതിൽ സഹായിക്കുക മാത്രമാണ് കമ്പനിയുടെ ലക്ഷ്യമെന്ന് എൻ.എസ്.ഒ വിശദീകരിച്ചു. മാധ്യമ, സാമൂഹിക, മനുഷ്യാവകാശ പ്രവർത്തകരെ ഉന്നമിടാറില്ല.
നിരുത്തരവാദപരമായി സാങ്കേതികവിദ്യ ദുരുപയോഗപ്പെടുത്തുന്ന കമ്പനികൾ വഴി സർക്കാറുകൾ സ്വകാര്യ ജീവിതം അപകടത്തിലാക്കുകയാണെന്ന് വാട്സ്ആപ് മേധാവി വിൽ കാത്കാർട്ട് പ്രതികരിച്ചു. സ്വകാര്യത ലംഘനത്തിൽ ഉത്കണ്ഠയുണ്ടെന്നും വാട്സ്ആപ്പിനോട് വിശദാംശങ്ങൾ തേടിയെന്നുമാണ് ടെലികോം-നിയമ മന്ത്രി രവിശങ്കർ പ്രസാദിെൻറ പ്രതികരണം.
വാട്സ്ആപ്പിനോട് വിശദീകരണം തേടി സർക്കാർ; വിശദാന്വേഷണം വേണമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: വാട്സ്ആപ്പ് വഴിയുള്ള ചാരപ്പണി സംഭവത്തിൽ വിശദാംശങ്ങൾ തേടി സർക്കാർ. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കണമെന്ന് കോൺഗ്രസ്. തങ്ങൾക്കെതിരെ ചാരവൃത്തി നടന്നുവെന്ന് പരാതിപ്പെട്ട് നിരവധി മനുഷ്യാവകാശ, പൊതുപ്രവർത്തകർ.
വാട്സ്ആപ് സംഭവത്തിൽ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് ഉത്കണ്ഠ പ്രകടിപ്പിച്ചു. സ്വകാര്യത സംരക്ഷിക്കാൻ സർക്കാർ പ്രതിഞ്ജാബദ്ധമാണ്. ഫോൺ ചോർത്തുന്നതിന് സർക്കാറിന് വ്യക്തമായ മാർഗരേഖയുണ്ട്. ദേശീയ താൽപര്യം മുൻനിർത്തിയല്ലാതെ അങ്ങനെ ചെയ്യാറുമില്ല. ഏതുവിധത്തിലുള്ള സ്വകാര്യത ലംഘനമാണ് നടന്നത്, മേലിൽ അതുണ്ടാകാതിരിക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് എന്ന് വിശദീകരിക്കാൻ വാട്സ്ആപ്പിനോട് സർക്കാർ ആവശ്യപ്പെട്ടിട്ടുെണ്ടന്ന് അദ്ദേഹം പറഞ്ഞു.
നിരവധി പ്രതിപക്ഷ നേതാക്കളും ഹൈകോടതി, സുപ്രീംകോടതി ജഡ്ജിമാരും ചാരപ്പണിക്ക് ഇരയായിട്ടുണ്ടെന്ന് കോൺഗ്രസ് സംശയം പ്രകടിപ്പിച്ചു. സ്വകാര്യതക്കുള്ള പൗരെൻറ അവകാശം ബി.ജെ.പി സർക്കാർ നിരന്തരം ഹനിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
പെഗാസസ് സോഫ്ട്വെയർ ഏതു സർക്കാർ ഏജൻസിയാണ് വാങ്ങി ഉപയോഗിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. അതിന് പ്രധാനമന്ത്രിയാണോ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണോ അധികാരം നൽകിയതെന്ന് പാർട്ടി വക്താവ് രൺദീപ്സിങ് സുർജേവാല ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.