ന്യൂഡൽഹി: റിപബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഭവങ്ങൾ ബി.ജെ.പിയും കേന്ദ്രസർക്കാറും കർഷക പ്രക്ഷോഭത്തെ അടിച്ചമർത്താനുളള മാർഗമായി സ്വീകരിക്കുകയാണെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. കർഷക പ്രക്ഷോഭം നടക്കുന്ന ഉത്തർപ്രദേശ് -ഡൽഹി അതിർത്തിയായ ഗാസിപുരിൽ വ്യാഴാഴ്ച രാത്രി അരങ്ങേറിയ സംഭവ വികാസങ്ങൾ പങ്കുവെച്ചായിരുന്നു പ്രശാന്ത് ഭൂഷന്‍റെ ട്വീറ്റ്.
വ്യാഴാഴ്ച രാത്രി 11 മണിയോടെ ഗാസിപൂർ ഒഴിയണമെന്ന് യു.പി സർക്കാർ നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഡൽഹി, യു.പി പൊലീസ് സമരകേന്ദ്രം വളഞ്ഞതോടെ അതിർത്തികൾ സംഘർഷഭരിതമാകുകയായിരുന്നു. റിപബ്ലിക് ദിനത്തിലെ അതിക്രമങ്ങളുടെ പേരിൽ വൻ പൊലീസ് സന്നാഹത്തെയും കേന്ദ്രസേനയെയുമാണ് സമരകേന്ദ്രങ്ങളിൽ വിന്യസിച്ചത്.
'കർഷകരുടെ സമരേകന്ദ്രം ഒഴിപ്പിക്കുന്നതിനായി വലിയ സംഘം പൊലീസിനെയും കേന്ദ്രസേനയെയും യു.പി സർക്കാർ വിന്യസിച്ചതായിരുന്നു ഗാസിപൂർ അതിർത്തിയിലെ വ്യാഴാഴ്ച അർധരാത്രിയിലെ കാഴ്ച. സമാധാനപരമായ പ്രതിഷേധം അവരുടെ അവകാശമാണ്. റിപബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾ കർഷക സമരത്തെ അടിച്ചമർത്താനുള്ള മാർഗമായി സർക്കാറും ബി.ജെ.പിയും സ്വീകരിക്കുന്നു. പകുതിയോളം ബുദ്ധിപരമാണ്' -പ്രശാന്ത് ഭൂഷൺ ട്വീറ്റ് െചയ്തു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ കേന്ദ്ര സർക്കാറിന്‍റെയും യു.പി, ഹരിയാന സർക്കാറിന്‍റെയും നേതൃത്വത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറുകയായിരുന്നു. റിപബ്ലിക് ദിനത്തിലെ അതിക്രമങ്ങളുടെ പേരിൽ നേതാക്കളെ പിടികൂടി സമരക്കാരെ ഒഴിപ്പിക്കാനായിരുന്നു സർക്കാർ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.