മുംബൈ: ഔറംഗബാദ് നഗരത്തിന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ഭരണസഖ്യത്തിൽ ഭിന്നത തുടരുന്നു. ഔറംഗബാദിന്‍റെ പേര് സാംഭാജിനഗർ എന്ന് മാറ്റാനാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ നീക്കം. എന്നാൽ, ഇതിനെ ശക്തമായി എതിർക്കുകയാണ് സഖ്യകക്ഷിയായ കോൺഗ്രസ്.
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും റവന്യൂമന്ത്രിയുമായ ബാലാസാഹിബ് തൊറാത്ത് പേരുമാറ്റുന്നതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്രയിൽ സഖ്യസർക്കാർ മുന്നോട്ട് പോകുന്നതെന്നും പേരുമാറ്റം അതിന്‍റെ ഭാഗമല്ലെന്നുമാണ് തൊറാത്ത് പറഞ്ഞത്.
ശനിയാഴ്ച കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ശിവസേനക്കെതിരെ കടുത്ത വിമർശനമുന്നയിച്ച് രംഗത്തെത്തി. പേരുമാറ്റം ശിവസേനയുടെ മാത്രം അജണ്ടയാണെന്നും എന്നാൽ ഇത് മൂന്നുകക്ഷികളുടെ സർക്കാറാണെന്നും സഞ്ജയ് നിരുപം പറഞ്ഞു. പൊതുമിനിമം പരിപാടിയിൽ പേരുമാറ്റം ഇല്ല. സർക്കാറിന് വ്യക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഔറംഗബാദിനെ സാംഭാജിനഗര്‍ എന്ന് പേരുമാറ്റണമെന്നത് രണ്ട് പതിറ്റാണ്ടായി ശിവസേന ആവശ്യപ്പെടുന്ന കാര്യമാണ്. സര്‍ക്കാര്‍ രേഖകളില്‍ പേര് മാറ്റിയിട്ടില്ലെങ്കിലും, ശിവസേന മേധാവി ബാല്‍ താക്കറെ ഔറംഗബാദിനെ സാംഭാജിനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്തിരുന്നു.
അതേസമയം, സഖ്യസർക്കാറിൽ പ്രതിസന്ധിയില്ലെന്നും പേരുമാറ്റവുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസം സർക്കാറിനെ ബാധിക്കില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. സർക്കാറിലെ മൂന്നാംകക്ഷിയായ എൻ.സി.പി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഉദ്ധവ് താക്കറേ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഔറംഗാബാദ് വിമാനത്താവളത്തിന്‍റെ പേര് ഛത്രപതി സംഭാജി മഹാരാജ് എയർപോർട്ട് എന്ന് പുനർനാമകരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.