കൊൽക്കത്ത: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ എഫ്.സി.ആർ.എ രജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുനഃസ്ഥാപിച്ചു. ഇതോടെ സംഘടനക്ക് വിദേശത്ത് നിന്ന് ധനസഹായം സ്വീകരിക്കാൻ സാധിക്കും. ഹിന്ദുസ്ഥാൻ ടൈംസാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. ക്രിസ്മസിന്റെ തലേന്നാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കുന്നതിനുള്ള രജിസ്ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു രജിസ്ട്രേഷൻ റദ്ദാക്കിയതെന്നായിരുന്നു കേന്ദ്രസർക്കാർ വിശദീകരണം.
നേരത്തെ ക്രിസ്മസ് വേളയിൽ കേന്ദ്ര മന്ത്രാലയം മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ മമതയ ബാനർജി നടുക്കം പ്രകടിപ്പിച്ചിരുന്നു. രാജ്യമൊട്ടുക്കുമുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിലൂടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ജീവനക്കാരും രോഗികളുമടക്കം 22,000 മനുഷ്യർ ഭക്ഷണവും മരുന്നുമില്ലാത്ത അവസ്ഥയിലായെന്ന് മമത കുറ്റപ്പെടുത്തിയിരുന്നു.
തുടർന്ന് വിദേശ സഹായം സ്വീകരിക്കാനുള്ള എഫ്.സി.ആർ.എ അനുമതിയും ലൈസൻസും പുതുക്കാതിരിക്കാൻ ഡിസംബർ 25നാണ് തീരുമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഡിസംബർ 31ന് നിലവിലെ അനുമതിയുടെ കാലാവധി അവസാനിക്കുകയാണ്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ ആഭ്യന്തര മന്ത്രാലയം മരവിപ്പിച്ചിട്ടില്ലെന്നും അക്കൗണ്ടുകൾ മരവിപ്പിക്കാൻ അവർതന്നെയാണ് അപേക്ഷ നൽകിയതെന്നും വാർത്തക്കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.