ന്യൂഡൽഹി: വിദേശ സംഭാവന നിയമലംഘനം ആരോപിച്ച് മറ്റൊരു ഗവേഷണ സ്ഥാപനത്തിന്റെ കൂടി ചിറകരിയാനുള്ള നീക്കവുമായി കേന്ദ്രം. രാജ്യത്തെ പ്രമുഖ ഗവേഷക ഗ്രൂപ്പായ ‘സെന്റർ ഫോർ പോളിസി റിസർച്ചി’നു (സി.പി.ആർ) നേർക്കാണ് ആഭ്യന്തര മന്ത്രാലയം നടപടിയെടുത്തത്. ഇവരുടെ വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമുള്ള (എഫ്.സി.ആർ.എ) ലൈസൻസ് കേന്ദ്രം റദ്ദാക്കി.
സെപ്റ്റംബറിൽ സി.പി.ആറിലും ‘ഓക്സ്ഫാം ഇന്ത്യ’യിലും ആദായനികുതി വകുപ്പ് സർവേ നടത്തിയതിനുപിന്നാലെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ തങ്ങൾ സൂക്ഷ്മമായി വിലയിരുത്തിയതായാണ് അധികൃതർ പറയുന്നത്. ആറുമാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. ഇതോടെ സ്ഥാപനത്തിന് വിദേശത്തുനിന്നുള്ള ധനസഹായം മുടങ്ങും. തങ്ങൾ പൂർണമായും നിയമവിധേയമായാണ് പ്രവർത്തിക്കുന്നതെന്നും അധികൃതരുമായി സഹകരിക്കുമെന്നും സി.പി.ആർ പ്രസ്താവനയിൽ പറഞ്ഞു. സി.എ.ജി ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ ഓഡിറ്റിന് വിധേയമായാണ് തങ്ങളുടെ പ്രവർത്തനമെന്നും അവർ തുടർന്നു. ‘ഓക്സ്ഫാമി’ന്റെ എഫ്.സി.ആർ.എ ലൈസൻസ് കഴിഞ്ഞ വർഷം ജനുവരിയിൽ റദ്ദാക്കിയിരുന്നു.
ലൈസൻസ് റദ്ദാക്കിയതിനാൽ സി.പി.ആറിന് നടപടിയുടെ കാലാവധി തീരുംവരെ വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കാൻ സാധിക്കില്ല. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, പെൻസൽവേനിയ സർവകലാശാല, വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ഡ്യൂക് സർവകലാശാല തുടങ്ങിയവയാണ് സി.പി.ആറിന് ധനസഹായം നൽകിവരുന്നത്. വിദേശഫണ്ട് സ്വീകരിച്ചതിലെ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കണമെന്ന് സ്ഥാപനത്തോട് അധികൃതർ ആവശ്യപ്പെട്ടതായാണ് വിവരം. 2016ലാണ് സി.പി.ആറിന്റെ എഫ്.സി.ആർ.എ ഒടുക്കം പുതുക്കിയത്. ഇതിന് 2021വരെയാണ് സാധുതയുണ്ടായിരുന്നത്. വിദ്യാഭ്യാസ പദ്ധതികൾക്കല്ലാതെ സി.പി.ആർ വിദേശഫണ്ട് വകമാറ്റുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 27ന്റെ ഉത്തരവിൽ ആരോപിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളും സ്വയംഭരണ സ്ഥാപനങ്ങളും സംഘടനകളും സർവകലാശാലകളുമായി ചേർന്ന് പ്രവർത്തിച്ചുവരുന്ന സ്ഥാപനമാണ് സി.പി.ആർ. ലോകമെമ്പാടുമുള്ള സർവകലാശാലകൾ ഇവരുടെ അഞ്ചു പതിറ്റാണ്ടുകാലത്തെ പ്രവർത്തന മികവ് അംഗീകരിച്ചിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ മകൾ യാമിനി അയ്യരാണ് നിലവിൽ സി.പി.ആറിന്റെ അധ്യക്ഷയും ചീഫ് എക്സിക്യൂട്ടിവും. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ്, ബി.ജി. വർഗീസ് തുടങ്ങിയവർ സി.പി.ആറിന്റെ ഗവേണിങ് ബോർഡ് അംഗങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.