കറുത്ത ഗൗൺ അണിഞ്ഞുള്ള ബിരുദദാന ചടങ്ങുകളാണ് ഏവർക്കും പരിചിതം. ഇതിൽനിന്ന് വ്യത്യസ്തമായി ക്രീം നിറത്തിലുള്ള കുർത്തയും കാവി ഷാളുമണിഞ്ഞുള്ള ഉത്തരാഞ്ചൽ സർവകലാശാലയിലെ ബിരുദദാന ചടങ്ങിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണിപ്പോൾ. ഓഡിറ്റോറിയത്തിൽ കാവി ഷാൾ അണിഞ്ഞ് വിദ്യാർഥികൾ ഇരിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നത്.
ബ്രിട്ടീഷ് പാരമ്പര്യമനുസരിച്ചുള്ള കറുത്ത ഗൗൺ ഉപേക്ഷിച്ച് രാജ്യത്താദ്യമായി ഉത്തരാഞ്ചൽ സർവകലാശാല കാവി ഷാൾ ഉൾപ്പെടെയുള്ള ഡ്രസ് കോഡിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചെന്ന കുറിപ്പുമായി തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ സമൂഹ മാധ്യമങ്ങളിൽ ഇത് ആഘോഷിക്കുകയാണ്. നമ്മുടെ രാജ്യം മാറുകയാണെന്നും കുറിപ്പുകളിലുണ്ട്. രാകേഷ് സിംഹ എന്നയാളാണ് ചിത്രം ട്വിറ്ററിൽ ആദ്യമായി പങ്കുവെച്ചത്.
എന്നാൽ, ഇതിന്റെ യാഥാർഥ്യം പുറത്തുവന്നിരിക്കുകയാണിപ്പോൾ. 2020 ഫെബ്രുവരി 29ന് നടന്ന ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. കാവി നിറത്തിലുള്ള ഷാൾ മാത്രമല്ല, മറ്റു വിവിധ നിറങ്ങളിലുള്ള ഷാളുകളും വിദ്യാർഥികൾ അണിഞ്ഞിരുന്നെന്നാണ് കോളജ് രജിസ്ട്രാർ നൽകുന്ന വിശദീകരണം. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികൾ കാവിക്ക് പുറമെ നീല, ചുവപ്പ്, മഞ്ഞ ഷാളുകളും അണിഞ്ഞിരുന്നു.
‘ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിച്ചാൽ നാല് നിറങ്ങളിൽ ഷാളുകൾ കാണാം. ഉത്തരാഖണ്ഡിലെ എല്ലാ സർവകലാശാലകളും പരമ്പരാഗത വസ്ത്രം ധരിച്ച് ബിരുദദാന ചടങ്ങുകൾ നടത്തണമെന്ന ഗവർണറുടെ ഉത്തരവ് പ്രകാരമാണിത്. കറുത്ത ഗൗണുകൾ അനുവദിക്കില്ല’, സർവകലാശാല രജിസ്‍ട്രാർ വിശദീകരിച്ചു. ‘നിയമം, മാനേജ്മെന്റ്, എൻജിനീയറിങ് തുടങ്ങി വിവിധ ഡിപ്പാർട്ട്മെന്റുകൾ സർവകലാശാലയിലുണ്ട്. ഓരോ വിഭാഗവും വ്യത്യസ്ത നിറങ്ങളാണ് ഉപയോഗിച്ചത്’, സർവകലാശാല ഡീൻ ഡോ. പ്രദീപ് സൂരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.