ന്യൂഡൽഹി: ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽപരിശോധന നടത്താനും ആവശ്യമെങ്കിൽ ജപ്തി നടപടികളിലേക്ക് കടക്കാനും അധികാരം നൽകി കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും. കണക്കുകളിൽ പിഴവുണ്ടെങ്കിൽ നേരേത്ത നോട്ടിസ് നൽകാതെതന്നെ ഉദ്യോഗസ്ഥർക്ക് പരിശോധനക്കെത്താം. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ഗസറ്റ് വിജ്ഞാപനം വന്നത്.
വാർഷിക വിറ്റുവരവ് അഞ്ചുകോടിയിൽ കൂടുതലാണെങ്കിൽ ജി.എസ്.ടി പ്രകാരം രണ്ടു രൂപത്തിലാണ് റിട്ടേൺ നൽകേണ്ടത്. ജി.എസ്.ടി.ആർ-വണ്ണും ജി.എസ്.ടി.ആർ-ത്രീ ബിയും. ഇതിൽ ആദ്യത്തേത് വിൽപന ബില്ലുകളുടെ വിശദാംശം അടങ്ങുന്നതും രണ്ടാമത്തേത് ജി.എസ്.ടി ബാധ്യതകളുടെ വിവരങ്ങൾ ഉൾപ്പെടുന്നതുമാണ്. ഈ മാസത്തെ ജി.എസ്.ടി.ആർ-വൺ അടുത്ത മാസം 11നുള്ളിൽ നൽകണം. അടുത്തമാസം 20നുള്ളിലാണ് ജി.എസ്.ടി.ആർ-ത്രീ ബി നൽകേണ്ടത്. അഞ്ചുകോടി വരെ വിറ്റുവരവുള്ളവർക്ക് വേണമെങ്കിൽ മൂന്നുമാസത്തിലൊരിക്കലും റിട്ടേൺ നൽകാം.
വിൽപന സംബന്ധിച്ച് ജി.എസ്.ടി.ആർ-വണ്ണിൽ കാണിച്ചതിനനുസരിച്ചല്ല ജി.എസ്.ടി.ആർ-ത്രീബിയിലെ നികുതിയെങ്കിൽ ശേഷിക്കുന്ന തുകയുടെ നികുതി ഈടാക്കാൻ ഉദ്യോഗസ്ഥരെത്തും. ഇതിന് നേരേത്ത അറിയിപ്പുണ്ടാകില്ല. ഇതോടൊപ്പം ജി.എസ്.ടി രജിസ്ട്രേഷൻ, റീഫണ്ടിങ്, രജിസ്ട്രേഷൻ പുനഃസ്ഥാപിക്കൽ എന്നിവക്ക് ആധാറും നിർബന്ധമാക്കി. ഇതും ജനുവരി ഒന്നുമുതലാണ് നിലവിൽവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.