ഗുജറാത്ത് ബെസ്റ്റ് ബേക്കറി കേസ്: രണ്ട് പ്രതികളെ മുംബൈ സെഷൻസ് കോടതി വെറുതെവിട്ടു

മുംബൈ: 2002ലെ ഗുജറാത്ത് ബെസ്റ്റ് ബേക്കറി കേസിൽ രണ്ട് പ്രതികളെ മുംബൈയിലെ സെഷൻസ് കോടതി വെറുതെവിട്ടു. മറ്റ് പ്രതികൾ മുംബൈയിൽ വിചാരണ നേരിട്ടപ്പോൾ ഒളിവിലായിരുന്ന ഹർഷാദ് സോളങ്കി, മഫത് ഗോഹിൽ എന്നിവരെയാണ് കുറ്റമുക്തരാക്കിയത്. 2013ൽ അറസ്റ്റിലായ ഇവരുടെ വിചാരണ 2019ലാണ് തുടങ്ങിയത്.

2002 മാർച്ച് ഒന്നിന് ഗുജറാത്ത് കലാപത്തിനിടെ ആയിരത്തിലധികം പേരടങ്ങുന്ന ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വഡോദരയിലെ പ്രശസ്തമായ ബെസ്റ്റ് ബേക്കറിയിൽ 14 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്ത് പൊലീസ് 21 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും 2003ൽ വഡോദര കോടതി എല്ലാ പ്രതികളെയും വെറുതെവിട്ടു. എന്നാൽ, കേസിൽ നീതി ഉറപ്പാക്കാൻ ഗുജറാത്തിന് പുറത്ത് പുനർവിചാരണ നടത്താൻ 2004ൽ സുപ്രീം കോടതി നിർദേശിച്ചു.

തുടർന്ന് മുംബൈയിൽ നടന്ന വിചാരണയിൽ, അന്നത്തെ സെഷൻസ് കോടതി ജഡ്ജി ജസ്റ്റിസ് അഭയ് തിപ്‌സെ ഒമ്പത് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും 12 പേരെ വെറുതെ വിടുകയും ചെയ്തു. 2012ൽ ബോംബെ ഹൈകോടതി ഒമ്പത് പ്രതികളിൽ അഞ്ചുപേരെ കുറ്റവിമുക്തരാക്കുകയും നാലുപേർക്ക് നൽകിയ ശിക്ഷ ശരിവെക്കുകയും ചെയ്തു. വിചാരണ വേളയിൽ ദൃക്‌സാക്ഷികളായ നാലുപേരുടെ മൊഴിയാണ് കോടതി പ്രധാനമായും ആശ്രയിച്ചിരുന്നത്.

സോളങ്കിയും ഗോഹിലും വഡോദര കോടതിയിൽ വിചാരണ നേരിട്ടിരുന്നെങ്കിലും മുംബൈയിൽ പുനർവിചാരണക്കിടെ ഒളിവിലായിരുന്നു. 2018ൽ ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പുനർവിചാരണയെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇരുവരുടെയും വാദം.

Tags:    
News Summary - Gujarat Best Bakery Case: Mumbai Sessions Court acquits two accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.