കെജ്രിവാൾ

മോദിയുടെ ബിരുദം: അപകീർത്തി നടപടികൾ ഒഴിവാക്കണമെന്ന കെജ്രിവാളിന്‍റെ ആവശ്യം ഗുജറാത്ത് കോടതി തള്ളി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഗുജറാത്ത് സർവകലാശാല തനിക്കെതിരെ നൽകിയ അപകീർത്തിക്കേസിൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജി ഗുജറാത്ത് കോടതി തള്ളി. സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാതെ തന്നെ വിചാരണചെയ്യാൻ പാടില്ലെന്നായിരുന്നു കെജ്രിവാളിന്‍റെ ആവശ്യം. ഇത് കോടതി അംഗീകരിച്ചില്ല.

പൊതുസേവകനായതിനാൽ സി.ആർ.പി.സി 197 പ്രകാരം തന്നെ വിചാരണചെയ്യാൻ സർക്കാരിന്‍റെ അനുവാദം വേണമെന്നായിരുന്നു കെജ്രിവാളിന്‍റെ വാദം. എന്നാൽ, അപകീർത്തിപ്പെടുത്തലും ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധമില്ലെന്ന് എതിർഭാഗം ചൂണ്ടിക്കാട്ടി.

നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനങ്ങളിലും സമൂഹമാധ്യമങ്ങളിലും നടത്തിയ കമന്‍റുകൾ സർവകലാശാലയുടെ സൽപ്പേര് കളങ്കപ്പെടുത്തിയെന്ന് കാട്ടിയാണ് ഗുജറാത്ത് സർവകലാശാല കെജ്രിവാളിനെതിരെ അപകീർത്തിക്കേസ് ഫയൽ ചെയ്തത്. കേസ് ഡിസംബർ 28ന് വീണ്ടും പരിഗണിക്കും.

മോദിയുടെ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കെജ്രിവാൾ സമർപ്പിച്ച പുന:പരിശോധന ഹരജി കഴിഞ്ഞ മാസം ഗുജറാത്ത് ഹൈകോടതി തള്ളിയിരുന്നു. മോദിയുടെ ബിരുദ വിവരങ്ങള്‍ കെജ്‌രിവാളിന് കൈമാറണമെന്നുള്ള വിവരാവകാശ കമീഷന്‍റെ ഉത്തരവ് മാർച്ച് 31ന് ഗുജറാത്ത് ഹൈകോടതി റദ്ദാക്കിയിരുന്നു. കെജ്‌രിവാളിന് 25,000 രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സമർപ്പിച്ച പുന:പരിശോധന ഹരജിയാണ് തള്ളിയത്. 

Tags:    
News Summary - Gujarat Court Dismisses Arvind Kejriwal's Plea Challenging Criminal Prosecution In Defamation Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.