ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ത്രികോണവും ചതുഷ്കോണവുമാക്കിയതോടെ ഭരണവിരുദ്ധ വികാരം പ്രതിഫലിപ്പിക്കാൻ നിഷ്പക്ഷ വോട്ടർമാർ ബൂത്തുകളിലെത്താതിരുന്ന ഗുജറാത്തിൽ വീണ പ്രതിപക്ഷ വോട്ടുകൾ നാല് ഭാഗത്തേക്കും ചിതറിത്തെറിക്കുക കുടി ചെയ്തത് ബി.ജെ.പിക്ക് സമ്മാനിച്ചത് ചരിത്രത്തിൽ തുല്യതയില്ലാത്ത വിജയം.
തങ്ങളുടെ ഹിന്ദുത്വ വോട്ടുകൾ മുഴുവൻ ബൂത്തിലെത്തിക്കാനും ബൂത്തിലെത്തുന്ന എതിർവോട്ടുകളുടെ എണ്ണം പരമാവധി കുറക്കാനും എത്തുന്ന എതിർ വോട്ടുകൾ നാല് ഭാഗത്തേക്കായി ഭിന്നിപ്പിക്കാനും ബി.ജെ.പി ഗുജറാത്തിൽ ആവിഷ്ക്ക്കരിച്ച തെരഞ്ഞെടുപ്പ് തന്ത്രം ഫലം കണ്ടുവെന്ന് വോട്ടെണ്ണി കഴിഞ്ഞപ്പോൾ തെളിഞ്ഞു.
ബി.ജെ.പി സ്ഥാനാർഥി തോൽക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ മൽസര ചിത്രം രണ്ട് പാർട്ടികൾക്കുമിടയിൽ തെളിഞ്ഞ മണ്ഡലങ്ങളിൽ മാത്രമാണ് ബി.ജെ.പിയെ പോലെ എതിർവോട്ടുകളും ബൂത്തിലെത്തിയത്. തങ്ങളുടെ വോട്ടുകൾ ഫലത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കണ്ട ഗുജറാത്തി വോർട്ടർമാരാരും പ്രവൃത്തി ദിനത്തിൽ ബൂത്തിലെത്തി സമയം പാഴാക്കാൻ മെനക്കെട്ടില്ല.
ബി.ജെ.പി സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ആപ് സ്ഥാനാർഥി അവസാന മണിക്കൂറിൽ പിന്മാറിയ കച്ചിലെ അബ്ഡാസയിൽ ബി.ജെ.പിയുമായി നേരിട്ടുള്ള മൽസരത്തിൽ പ്രതിപക്ഷ വോട്ടുകൾ ഏകീകരിച്ചപ്പോൾ വൻ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർഥി മമഡ് ജാട്ട് ജംഗ് മുന്നേറിയത്.
അതേസമയം, ആപ് ഇളക്കി മറിച്ച സൂറത്തിൽ ഭൂരിപക്ഷം പട്ടേൽ വോട്ടർമാരുള്ള കട്ടർഗമിൽ ആപ് സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ പിറകിലായത് വലിയ വ്യത്യാസത്തിനാണ്. 35,000 വോട്ട് കൂടുതൽ ഇറ്റാലിയയേക്കാൾ ബി.ജെ.പി പിടിച്ചപ്പോൾ കോൺഗ്രസിന്റെ വോട്ടുകൾ പിടിച്ചാണ് ഇറ്റാലിയ രണ്ടാം സ്ഥാനത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.