ഗാന്ധിനഗർ: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പിന്തുണയോടെ മത്സരിക്കുമെന്നും എന്നാൽ മുഖ്യമന്ത്രി സ്ഥാനാർഥിയാകാനില്ലെന്നും സ്വതന്ത്ര എം.എൽ.എയും രാഷ്ട്രീയ ദലിത് അധികാർ മഞ്ച് കൺവീനറുമായ ജിഗ്നേഷ് മേവാനി. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പാർട്ടി തന്നെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും ജിഗ്നേഷ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്താൽ ഏറ്റെടുക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് മാധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'ഗുജറാത്തിലെ ജനങ്ങൾക്ക് സാഹചര്യത്തെക്കുറിച്ച് അറിയാം. കോവിഡ് കാലത്ത് ഗുജറാത്ത് സർക്കാറിന്റെ പ്രകടനം വളരെ ദയനീയമായിരുന്നു. അത് ജനങ്ങൾക്കിടയിൽ നീരസമുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ഭരണത്തിൽ ജനങ്ങൾ ശരിക്കും അസ്വസ്ഥരാണ്. തെരഞ്ഞെടുപ്പിനെ കോൺഗ്രസ് കൂട്ടായ നേതൃത്വത്തിന് കീഴിൽ നേരിടും' - ജിഗ്നേഷ് പറഞ്ഞു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള നല്ല അവസരമാണ് കോൺഗ്രസിന് ലഭിച്ചിരിക്കുന്നതെന്നും ബി.ജെ.പി. ഭരണത്തിൽ ജനങ്ങൾ വലഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥ, വർധിച്ചുവരുന്ന പണപ്പെരുപ്പം, തൊഴിലില്ലായ്മ, വർഗീയമായി ഭിന്നിപ്പിക്കൽ എന്നിവക്കെല്ലാം ജനങ്ങൾ സാക്ഷികളാണെന്നും മുഖ്യമന്ത്രിയെയും മുഴുവൻ മന്ത്രിസഭയെയും മാറ്റേണ്ടത് അനിവാര്യമാണെന്ന് അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017ൽ വാദ്ഗം നിയമസഭ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചാണ് ജിഗ്നേഷ് മേവാനി നിയമസഭയിലെത്തിയത്. കോൺഗ്രസിന്‍റെ പിന്തുണ ഇദ്ദേഹത്തിനുണ്ടായിരുന്നു. കോൺഗ്രസുമായി അടുത്ത് പ്രവർത്തിക്കുന്ന ജിഗ്നേഷ് മേവാനി ഔദ്യോഗികമായി പാർട്ടിയിൽ ചേർന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.