ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറുന്നതിന് മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ

ഗാന്ധിനഗർ: ബുദ്ധമതം പ്രത്യേക മതമായി കണക്കാക്കപ്പെടുന്നുവെന്നും അതിനാൽ ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറുന്നതിന് മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ. ജൈനമതം, സിഖ് മതങ്ങൾ എന്നിവയിലേക്ക് മാറുന്നവരും 2003-ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമം അനുസരിച്ച് പ്രാദേശിക ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് അനുമതി വാങ്ങണമെന്ന് ഗുജറാത്ത് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.

ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ നിയമങ്ങൾക്കനുസൃതമായി പരിഗണിക്കുന്നില്ലെന്ന് സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗുജറാത്ത് ആഭ്യന്തര വകുപ്പ് മാർച്ച് 8 ന് സർക്കുലർ പുറത്തിറക്കിയതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മുൻകൂർ അനുമതി തേടി അപേക്ഷകൾ സമർപ്പിക്കപ്പെടുമ്പോൾ ഭരണഘടനയുടെ ആർട്ടിക്കിൾ 25 (2) പ്രകാരം സിഖ് മതം, ജൈനമതം, ബുദ്ധമതം എന്നിവ ഹിന്ദുമതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ മുൻകൂർ അനുമതി ആവശ്യമില്ലെന്നും കാണിച്ച് അപേക്ഷകൾ തള്ളുകയാണ് ചെയ്യുന്നത്. ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തെ പരാമർശിച്ച് ബുദ്ധമതത്തെ പ്രത്യേക മതമായി പരിഗണിക്കേണ്ടിവരുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

നിയമ വ്യവസ്ഥകളെക്കുറിച്ച് വേണ്ടത്ര പഠിക്കാതെ മതപരിവർത്തനം പോലുള്ള സെൻസിറ്റീവ് വിഷയത്തിൽ അപേക്ഷകർക്ക് നൽകുന്ന മറുപടികൾ ജുഡീഷ്യൽ വ്യവഹാരങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും സർക്കുലറിൽ പറയുന്നു.

എല്ലാ വർഷവും ദസറ പോലുള്ള ആഘോഷങ്ങളിൽ ദലിതർ ബുദ്ധമതത്തിലേക്ക് കൂട്ടമായി മതപരിവർത്തനം നടത്താറുണ്ട്. അംബേദ്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി ബുദ്ധമത ഗ്രൂപ്പുകൾ ദളിതർക്കായി കൂട്ട മതപരിവർത്തനം സംഘടിപ്പിക്കുന്നു. അത്തരത്തിലുള്ള ഗ്രൂപ്പായ ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമിയുടെ സെക്രട്ടറി രമേഷ് ബാങ്കർ ബുദ്ധമതം ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ സർക്കുലറിനെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

Tags:    
News Summary - Gujarat Govt Circular 'Clarifies' Hindus Converting to Buddhism Need Prior Permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.