തെരഞ്ഞെടുപ്പ് കമീഷനെ ഗൗനിക്കാതെ ഗുജറാത്ത്; വിശദീകരണം തേടി ചീഫ് സെക്രട്ടറിക്ക് കത്ത്

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തേണ്ട നിയമനങ്ങളുടെയും സ്ഥലം മാറ്റങ്ങളുടെയും റിപ്പോർട്ട് നൽകാത്ത ഗുജറാത്ത് ചീഫ് സെക്രട്ടറിയോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം തേടി.

ഹിമാചൽപ്രദേശിനൊപ്പം ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത് കേന്ദ്രത്തിലെയും ഗുജറാത്തിലെയും ബി.ജെ.പി സർക്കാറുകളുടെ സമ്മർദപ്രകാരമാണ് എന്ന വിമർശനമുയർന്നതിന് പിറകെയാണ് കമീഷന്റെ നിർദേശങ്ങൾ ഗുജറാത്ത് ചീഫ് സെക്രട്ടറി അനുസരിക്കാത്ത വിവരവും പുറത്തുവരുന്നത്.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗുജറാത്ത് പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയും മറുപടി നൽകാത്തതിനെ തുടർന്നാണ് വിശദീകരണം തേടിയത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില വകുപ്പുകളിൽ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച് കമീഷൻ നിർദേശം നൽകിയിരുന്നു.

എന്നാൽ നൽകിയ സമയപരിധി കഴിഞ്ഞിട്ടും നിരവധി തവണ ഓർമിപ്പിച്ചിട്ടും അവ നടപ്പാക്കിയതിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് അയച്ച എഴുത്തിലുണ്ട്.

നവംബർ 12ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചൽപ്രദേശിലേക്ക് അയച്ച കത്തിനൊപ്പമാണ് ആവശ്യമായ ഉദ്യോഗസ്ഥ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും നിർദേശിച്ച് ഗുജറാത്ത് സർക്കാറിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കത്തയച്ചത്.

സ്വന്തം ജില്ലകളിലുള്ളവരും കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് വർഷത്തിലധികം ഒരേ ജില്ലയിലിരുന്ന സർക്കാർ ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റാൻ കമീഷൻ നിർദേശിച്ചിരുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ കമീഷൻ കാലങ്ങളായി ചെയ്യുന്ന നടപടിയാണിത്.

Tags:    
News Summary - Gujarat ignores Election Commission-Letter to Chief Secretary seeking clarification

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.