സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളെ പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി 25ഒാളം വനിത ഹോം ഗാർഡുമാർ രംഗത്ത്. എഴുതിത്തയാറാക്കിയ പരാതിയുമായി ഇവർ സിറ്റി പൊലീസ് കമീഷണർ സതീഷ് ശർമയെ സമീപിക്കുകയായിരുന്നു.
തൊഴിലിടത്തിലെ ലൈംഗിക പീഡനം തടയുന്നതിനുള്ള പ്രശ്നപരിഹാര സമിതി സംഭവം അന്വേഷിച്ചുവരുന്നതായി ശർമ പറഞ്ഞു. നാലു പേജുള്ള പരാതി മുഖ്യമന്ത്രി വിജയ് രൂപാണി, സംസ്ഥാന ആഭ്യന്തര സഹമന്ത്രി പ്രദീപ്സിൻഹ് ജദേജ എന്നിവർക്കും അയച്ചിട്ടുണ്ട്.
മാനസികവും ലൈംഗികവും സാമ്പത്തികവുമായ പീഡനങ്ങൾ രണ്ട് മുതിർന്ന ഒാഫിസർമാരിൽനിന്ന് തങ്ങൾ നേരിട്ടതായി ഇവർ പരാതിയിൽ പറഞ്ഞു.
ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റം കിട്ടണമെങ്കിൽ പണം നൽകാൻ ആവശ്യപ്പെട്ടുവെന്നും പണംനൽകാത്തവരെ വിദൂര ദേശങ്ങളിലേക്ക് മാറ്റി പീഡിപ്പിച്ചതായും തങ്ങളിൽ പലരെയും നിർബന്ധിച്ച് വീട്ടുവേല ചെയ്യിച്ചിരുന്നതായും ഇവർ പറയുന്നു. യൂനിഫോം ശരിയാക്കാനെന്ന വ്യാജേന തങ്ങളുടെ ശരീരത്തിൽ സ്പർശിക്കുന്നതടക്കമുള്ള മോശം പെരുമാറ്റങ്ങളും മുതിർന്ന ഒാഫിസർമാരുടെ ഭാഗത്തുനിന്നുണ്ടായതായി വനിത ഹോംഗാർഡുമാർ പരാതിപ്പെട്ടു.
ഹോംഗാർഡുമാർ പൊലീസ് സേനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരല്ലെന്നും അതിനാൽ അവരുടെ പരാതികൾ പൊലീസിെൻറ ആഭ്യന്തര കമ്മിറ്റിക്ക് പരിശോധിക്കാൻ കഴിയില്ലെന്നും കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.