ഗ്യാൻവാപി മസ്ജിദിന്റെ അടിഭാഗത്തെ നിലവറ ഹിന്ദുക്കൾക്ക് പൂജക്കായി തുറന്നുകൊടുക്കണമെന്ന് വാരാണസി കോടതി ഉത്തരവിട്ടതോടെ, ബാബരി മസ്ജിദിന്റെ അതേ വിധിതന്നെയായിരിക്കുമോ യു.പിയിലെ പുരാതന മുസ്ലിം ആരാധനാലയത്തെയും കാത്തിരിക്കുന്നതെന്ന ആശങ്ക ശക്തമാവുകയാണ്. 1949ൽ, ബാബരി മസ്ജിദിനകത്ത് വിഗ്രഹ ‘പ്രതിഷ്ഠ’ നടത്തിയതോടെ തുടക്കമായ നിയമവ്യവഹാരങ്ങളിലും പിന്നീടുണ്ടായ അയോധ്യ പ്രക്ഷോഭത്തിലുമെല്ലാം നിർണായകമായത് 1985ൽ, ബാബരി ഭൂമിയിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുവദിക്കപ്പെട്ടതോടെയായിരുന്നു.
അന്ന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ അനുവാദത്തോടെയാണത് സംഭവിച്ചിരുന്നതെങ്കിൽ, ഗ്യാൻവാപി മസ്ജിദിന്റെ കാര്യത്തിൽ അത് വാരാണസി ജില്ല കോടതിയുടെ ഉത്തരവിലൂടെയാണെന്ന വ്യത്യാസമേയുള്ളൂ. അയോധ്യക്കുശേഷം കാശിയും മഥുരയും പിടിക്കാനുള്ള സംഘ്പരിവാർ നീക്കത്തിന് കോടതി ഉത്തരവ് ബലം പകരും. സംഘ്പരിവാറിന് അനുകൂലമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഗ്യാൻവ്യാപി പരിശോധന ഫലം പുറത്തായതിന്റെ തൊട്ടടുത്തയാഴ്ചയാണ് കോടതി ഉത്തരവെന്നതും ശ്രദ്ധേയമാണ്.
1991ൽ, ഹിന്ദു ദൈവങ്ങളായ ശിവൻ, ശൃംഗാർ ഗൗരി, ഗണേശൻ എന്നിവർക്കുവേണ്ടി മൂന്ന് പ്രാദേശിക ഹിന്ദുക്കൾ വാരാണസി സിവിൽ കോടതിയിൽ പട്ടയം-തർക്ക കേസ് ഫയൽ ചെയ്തു. ഗ്യാൻവാപിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ പുനർനിർമാണം സുഗമമാക്കുന്നതിന് മുഴുവൻ സ്ഥലവും ഹിന്ദു സമൂഹത്തിന് വിട്ടുനൽകണമെന്നായിരുന്നു ഹരജി. മുഗൾ ചക്രവർത്തി ഔറംഗസീബ് ക്ഷേത്രത്തിന്റെ ഒരുഭാഗം തകർത്താണ് പള്ളി നിർമിച്ചതെന്നും ഹരജിക്കാർ ആരോപിച്ചു. അയോധ്യ പ്രക്ഷോഭം ശക്തമായ കാലത്താണ് നിയമപോരാട്ടം ആരംഭിച്ചത്.
ഏതാനും മാസങ്ങൾ കഴിഞ്ഞ്, ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നരസിംഹ റാവു സർക്കാർ ആരാധനാലയ നിയമം കൊണ്ടുവന്നു. അതോടെ, ഗ്യാൻവാപി അടക്കമുള്ള ക്ഷേത്രങ്ങളുടെ ഉടമസ്ഥതയെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് താൽക്കാലിക വിരാമമായി. 97ൽ, സിവിൽ കോടതി ഇക്കാര്യം അംഗീകരിച്ച് ഹരജി തള്ളുകയും ചെയ്തു. അതോടെ, ഹരജിക്കാർ ജില്ലാ കോടതിയെ സമീപിപ്പിച്ചു. ജില്ലാ കോടതി കേസ് വീണ്ടും പരിഗണിക്കാൻ കീഴ് കോടതിയോട് ആവശ്യപ്പെട്ടു ;എന്നാൽ, ഹൈകോടതി ഈ ഉത്തരവ് റദ്ദാക്കി. കേസിന്റെ സ്റ്റേ പല തവണയായി 22 വർഷം നീട്ടി.
2019ൽ, ബാബരി ഭൂമി കേസിൽ ക്ഷേത്ര ട്രസ്റ്റിന് അനുകൂലമായ സുപ്രീംകോടതി വിധി വന്നതോടെ ഗ്യാൻവാപി കേസ് വീണ്ടും ഉയർന്നുവന്നു. ഗ്യാൻവാപിയിൽ ആർക്കിയോളജിക്കൽ സർവേ നടത്തണമെന്ന ഹരജിയുമായി വാരാണസിക്കാരനായ വിജയ് ശങ്കർ റസ്തോഗി എന്ന അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. വാദം അംഗീകരിച്ച കോടതി സർവേക്കായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശവും നൽകി. എന്നാൽ, അലഹാബാദ് ഹൈകോടതി അത് സ്റ്റേ ചെയ്തു.
2021 ആഗസ്റ്റിൽ അഞ്ച് ഹിന്ദു വനിതകൾ, മസ്ജിദിനോട് ചേർന്ന കെട്ടിടത്തിലെ വിഗ്രഹത്തിൽ പ്രാർഥനക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ട് വാരാണസി കോടതിയെ സമീപിച്ചു. ഏതാനും മാസങ്ങൾക്കുശേഷം, വാരാണസി കോടതി അഡ്വക്കേറ്റ് കമീഷണറോട് ‘തർക്കസ്ഥലം’ സന്ദർശിക്കാനും വിഡിയോ ദൃശ്യം തയാറാക്കാനും നിർദേശിച്ചു.
2022 മേയ് 16ന് സർവേ അവസാനിച്ചു. ഇതിനിടെ, മസ്ജിദിലെ വുദുഖാനയിൽ ശിവലിംഗം കണ്ടുവെന്ന് ഹരജിക്കാരായ ഹിന്ദുവിഭാഗം ആരോപിച്ചു. എന്നാൽ, അത് വുദുഖാനയിലെ ജലധാരയായിരുന്നു. മസ്ജിദ് അങ്കണത്തിലെ ഹിന്ദുക്കളുടെ പ്രാർഥനക്ക് അനുമതി നൽകിയ കോടതി ഉത്തരവിനെതിരായ മുസ്ലിം വിഭാഗത്തിന്റെ ഹരജിയും ഇതിനിടെ തള്ളി.
2023 മേയിൽ സർവേ സംബന്ധിച്ച ഹരജി കേൾക്കാൻ ജില്ലാ കോടതി തയാറായി. ഹൈകോടതി ഉത്തരവിനെ തുടർന്നായിരുന്നു ഇത്. പ്രദേശത്ത് സുരക്ഷയൊരുക്കാൻ സുപ്രീംകോടതിയും നിർദേശിച്ചു. തൊട്ടടുത്ത മാസം, ഹിന്ദുമത വിശ്വാസികൾക്ക് ഗ്യാൻവാപി അങ്കണത്തിൽ പ്രാർഥന നടത്താനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും അത് ആരാധനാലയ നിയമത്തിന്റെ പരിധിയിയിൽ വരില്ലെന്നും ഹൈകോടതി വിധിച്ചു. ജൂലൈയിൽ, മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്താൻ ജില്ല കോടതി ഉത്തരവിട്ടു. പരിശോധന ഫലം ഡിസംബർ 18ന് സമർപ്പിച്ചു.
കഴിഞ്ഞയാഴ്ച ഫലം പുറത്തുവിടാൻ എ.എസ്.ഐക്ക് അനുവാദവും നൽകി. മസ്ജിദിന് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പിന്നീടുള്ള ദിവസങ്ങളിൽ പുറത്തുവന്നത്. ഏറ്റവുമൊടുവിൽ പൂജക്ക് അനുമതി നൽകിയതോടെ ക്ഷേത്ര ‘വീണ്ടെടുപ്പിനു’ള്ള സംഘ്പരിവാർ നീക്കത്തിന്റെ നിർണായക ഘട്ടം പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.