ലഖ്നോ: ഗ്യാന്‍വാപി പള്ളിയോട് ചേർന്ന് ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു സ്ത്രീകൾ സമർപ്പിച്ച ഹരജി നിലനിൽക്കുമെന്ന് വാരാണസി ജില്ല കോടതി. ഹരജി തള്ളണമെന്നാവശ്യപ്പെട്ട് പള്ളി പരിപാലന കമ്മിറ്റി നൽകിയ ഹരജി കോടതി തള്ളി.
അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജിയെ ചോദ്യം ചെയ്തുകൊണ്ട് അഞ്ജുമാന്‍ ഇസ്‍ലാമിയ മസ്ജിദ് കമ്മിറ്റിയാണ് ഹരജി നൽകിയത്. ഹരജിയിൽ ജില്ല ജഡ്ജി അജയ് കൃഷ്ണ വിശ്വേശയാണ് വിധി പറഞ്ഞത്. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും. വിധിക്കെതിരെ പള്ളി അധികൃതർ അലഹബാദ് ഹൈകോടതിയെ സമീപിക്കുമെന്ന് അഭിഭാഷകർ അറിയിച്ചു.
ഹിന്ദു സമുദായത്തിന്റെ വിജയമാണിതെന്ന് ഹിന്ദു ഹരജിക്കാരുടെ അഭിഭാഷകൻ സോഹൻ ലാൽ പ്രതികരിച്ചു. ഗ്യാൻവാപി ക്ഷേത്ര നിർമാണത്തിന്റെ അടിത്തറയാണീ വിധിയെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും സോഹൻ ലാൽ ആര്യ പറഞ്ഞു.സുപ്രീംകോടതിയാണ് കീഴ്‌ക്കോടതിയില്‍ നിന്ന് വാരാണസി ജില്ലാ കോടതിയിലേക്ക് കേസ് മാറ്റിയത്.
ഗ്യാന്‍വാപി പള്ളി സമുച്ചയത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിൽ സര്‍വേ നടത്തി വിഡിയോ പകര്‍ത്താന്‍ ഏപ്രിലിൽ വാരാണസി കോടതി ഉത്തരവിട്ടിരുന്നു.
പള്ളിയുടെ പരിസരത്ത് ശിവലിംഗത്തോട് സാമ്യമുള്ള നിര്‍മിതി കണ്ടെത്തിയെന്നാണ് ഹരജിക്കാരുടെ വാദം. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഹരജിക്കാരുടെ അവകാശവാദങ്ങള്‍ നിരസിക്കുകയും കണ്ടെത്തിയത് ഒരു ജലധാരയാണെന്നും ശിവലിംഗമല്ലെന്നും വാദിച്ചു. വിധി പറയുന്ന പശ്ചാത്തലത്തില്‍ വാരാണസിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.