ഗ്യാൻവാപി കേസ്: പുരാവസ്തു സർവേക്കുള്ള സ്റ്റേ നീട്ടി ഹൈകോടതി

അലഹബാദ്: ഗ്യാൻവാപി പള്ളിയിൽ പുരാവസ്തുവിഭാഗം സർവേ നടത്തണമെന്ന വാരാണസി കോടതി ഉത്തരവ് സ്റ്റേചെയ്ത വിധി അലഹബാദ് ഹൈകോടതി ഒക്ടോബർ 31വരെ നീട്ടി.

ജസ്റ്റിസ് പ്രകാശ് പഡിയയുടെ ബെഞ്ച് കേസ് ഒക്ടോബർ 18ന് വാദം കേൾക്കാൻ മാറ്റി. 2,000 വർഷം പഴക്കമുള്ള കാശി വിശ്വനാഥ് ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്താണ് 17ാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരി ഔറംഗസീബ് പള്ളി പണിതതെന്ന് കാണിച്ച് വി.എസ്. രസ്തോഗി എന്നയാൾ നൽകിയ കേസുമായി ബന്ധപ്പെട്ട വാദമാണ് പരിഗണിക്കുന്നത്. ഗ്യാൻവാപി പള്ളിയുടെ ഭൂമി ഹിന്ദുസമുദായത്തിന് വിട്ടുകിട്ടണെമന്നാണ് ആവശ്യം.

അതിനിടെ, ഗ്യാൻവാപി കേസിൽ പള്ളിവളപ്പിൽ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിന്റെ കാലപ്പഴക്കമറിയാൻ കാർബൺ പരിശോധന വേണമെന്ന ഹിന്ദുവിഭാഗത്തിന്റെ ആവശ്യത്തിനെതിരെ വാരാണസി കോടതിയിൽ മുസ്‍ലിം വിഭാഗം തടസ്സഹരജി നൽകി. ഈ കേസിൽ ഹിന്ദുവിഭാഗത്തിലെ ഹരജിക്കാരിൽ ഒരാളായ രാഖി സിങ്ങും കാർബൺ പരിശോധന എതിർത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധന വിഗ്രഹത്തിന് നാശമുണ്ടാക്കുമെന്നാണ് വാദം. കേസ് കോടതി ഒക്ടോബർ ഏഴിന് വിധി പറയാൻ മാറ്റി.

പള്ളി സുരക്ഷിതമായിരിക്കണമെന്ന സുപ്രീംകോടതി നിർദേശം മുസ്‍ലിംപക്ഷം വാരാണസി ജില്ല മജിസ്ട്രേറ്റ് മുമ്പാകെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഇവിടെയുള്ള പരിശോധന ന്യായീകരിക്കാനാകില്ലെന്ന് അവർ വ്യക്തമാക്കി. ശൃംഗാർ ഗൗരി ആരാധനയുമായി ബന്ധപ്പെട്ടതാണ് യഥാർഥ കേസെന്നും ഇതിന് പള്ളിയിലെ നിർമാണവുമായി ബന്ധമില്ലെന്നും അവർ വിശദീകരിച്ചു. ഈ സാഹചര്യത്തിൽ പുരാവസ്തു വിഭാഗത്തിന്റെ അന്വേഷണം ആവശ്യമില്ല. ശാസ്ത്രീയ അന്വേഷണ ശേഷമുള്ള നിയമ റിപ്പോർട്ടും തേടേണ്ടതില്ല -അവർ തുടർന്നു.

Tags:    
News Summary - Gyanvapi Mosque Case: Allahabad HC extends stay on ASI survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.