വാരാണസി: ഗ്യാൻവാപി പള്ളി സർവേയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് നിയന്ത്രിക്കുന്ന അൻജുമൻ ഇൻതിസാമിയ മസ്ജിദ് (എ.ഐ.എം) കമ്മിറ്റി വാരണാസി ജില്ലാ കോടതിയിൽ ഹരജി നൽകി. കോടതിയുടെ നിർദേശപ്രകാരം നടക്കുന്ന സർവേയുടെ വിശദാംശങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ഉദ്യോഗസ്ഥർ ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ഹരജിയിൽ പറഞ്ഞു.
സർവേ നടത്താത്ത പള്ളിയുടെ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വരെ സാമൂഹികമാധ്യമങ്ങളിലും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും തെറ്റായതും ഏകപക്ഷീയമായതുമായ വാർത്തകൾ പടച്ചുവിടുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി. “സമാധാനം നിലനിർത്തുന്നതിനും പൊതുജനങ്ങളെ ദോഷകരമായി ബാധിക്കാതിരിക്കുന്നതിനും സർവേയെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും സോഷ്യൽ, പ്രിന്റ്, ഇലക്‌ട്രോണിക് മാധ്യമങ്ങളെ തടയേണ്ടത് ആവശ്യമാണ്” -ഹരജിയിൽ വ്യക്തമാക്കി. കേസ് ഇന്ന് കോടതി പരിഗണിക്കും.
ഗ്യാൻവാപി പള്ളിക്ക് താഴെ ക്ഷേത്രാവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാൻ പുരാവസ്തു വകുപ്പിന് സുപ്രീംകോടതി അനുമതി നൽകിയിരുന്നു. അലഹാബാദ് ഹൈകോടതി വിധിക്കെതിരെ അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്. അതിനിടെയാണ്, സർവേയിൽ ഹിന്ദു വിഗ്രഹവും ത്രിശൂലവും കണ്ടെത്തിയതായി കിംവദന്തികൾ പ്രചരിപ്പിച്ചത്. ഇത്തരം കിംവദന്തികൾ അവസാനിപ്പിക്കണമെന്ന് മുസ്‍ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന പതിനേഴാം നൂറ്റാണ്ടിലെ മസ്ജിദ് ക്ഷേത്രാവശിഷ്ടങ്ങൾക്കുമേൽ നിർമിച്ചതാണോ എന്ന് നിർണയിക്കുന്നത് സംബന്ധിച്ച പരിശോധനയാണ് നടക്കുന്നത്. സർവേയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ (ജി.പി.ആർ) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതുവഴി പള്ളിയുടെ അടിയിൽ ഏതെങ്കിലും കെട്ടിടത്തിന്റെ ഘടനയുണ്ടോയെന്ന് കണ്ടെത്താൻ കഴിയുമെന്ന് മുൻ എ.എസ്.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.