ഗ്യാൻവാപി പള്ളി: നമസ്കാരം തടയരുത്; ശിവലിംഗം കണ്ടെത്തിയെന്നുപറയുന്ന സ്ഥലം സംരക്ഷിക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളിയിൽ മുസ്‍ലിംകൾക്ക് നമസ്കാരവും മതപരമായ അനുഷ്ഠാനങ്ങളും തടയരുതെന്ന് സുപ്രീംകോടതി. പള്ളിയിൽ നടത്തിയ സർവേക്കിടയിൽ ശിവലിംഗം കണ്ടെത്തിയതായി പറയുന്ന സ്ഥലം സംരക്ഷിക്കാനും ജില്ല മജിസ്ട്രേറ്റിനോട് കോടതി നിർദേശിച്ചു.

നിലവിലെ സാഹചര്യത്തിൽ അതാണ് സന്തുലിതമെന്ന നിരീക്ഷണത്തോടെ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, പി.എസ്. നരസിംഹ എന്നിവരുടെ ബെഞ്ച് കേസ് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു. സർവേ തടയണമെന്നും തൽസ്ഥിതി തുടരാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് വാരാണസി അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ പ്രത്യേകാനുവാദ ഹരജിയിലാണ് സുപ്രീംകോടതി നടപടി.

പള്ളിയിൽ എവിടെയാണ് ശിവലിംഗം കണ്ടെത്തിയതെന്ന് വാരാണസി ജില്ല ഭരണകൂടത്തോട് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് കണ്ടിട്ടില്ലെന്ന് യു.പി സർക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വിശദാംശങ്ങൾ നൽകാൻ അദ്ദേഹം സാവകാശം തേടി. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശിവലിംഗം കണ്ടെത്തിയ സ്ഥലം മുദ്രവെച്ചത്. നമസ്കാരത്തിന് വരുന്ന ആരുടെയെങ്കിലും കാൽ ശിവലിംഗത്തിൽ തൊടാൻ ഇടയായാൽ പ്രശ്നമാവുമെന്ന വിശദീകരണവും തുഷാർ മേത്ത നൽകി.

നമസ്കാരത്തിനുമുമ്പ് അംഗശുദ്ധി വരുത്തുന്ന വുദു ടാങ്കിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് പറയുന്നത്. എന്നാൽ, പഴയൊരു ജലധാരയാണിതെന്ന് (ഫൗണ്ടൻ) പള്ളി കമ്മിറ്റി വിശദീകരിച്ചിരുന്നു. സോളിസിറ്റർ ജനറൽ നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന സ്ഥലം സംരക്ഷിക്കണമെന്നും മുസ്‍ലിംകളുടെ പ്രാർഥനാസ്വാതന്ത്ര്യം തടയരുതെന്നും സുപ്രീംകോടതി നിർദേശിച്ചത്.

സർവേനടപടികൾക്കെതിരായ പ്രത്യേകാനുവാദ ഹരജി വെള്ളിയാഴ്ച സുപ്രീംകോടതിയിൽ എത്തിയതാണ്. എന്നാൽ, കൂടുതൽ വിശദാംശങ്ങൾ അറിയാത്തതിനാൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അന്നുതന്നെ കേസ് അടിയന്തരമായി കേൾക്കാൻ തയാറായില്ല. ഹരജി പിന്നീട് ഡി.വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരിഗണനക്ക് വിടുകയായിരുന്നു.

ചൊവ്വാഴ്ച കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിന് മുമ്പുതന്നെ, ശിവലിംഗം കണ്ടെത്തിയെന്ന് ഹരജിക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടം മുദ്രവെക്കാൻ വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി ഉത്തരവിട്ടു.

Tags:    
News Summary - Gyanvapi Mosque supreme court case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.