ഗ്യാൻവാപി: ഗ്യാൻവാപി മസ്ജിദ് കേസിൽ ഏത് ഹരജി ആദ്യം പരിഗണിക്കണമെന്ന് ജില്ല കോടതി ഇന്ന് തീരുമാനിക്കും. ഗ്യാൻവാപി പള്ളിയുടെ പിൻഭാഗത്തെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു ഹിന്ദു സ്ത്രീകൾ നൽകിയ ഹരജിയും ആരാധനാലയങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന '91ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായ ഹരജി തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയുമാണ് ജില്ല ജഡ്ജി ഡോ. അശോക് കുമാർ വിശ്വേഷിന്റെ പരിഗണനയിലുള്ളത്. ഇതിൽ വാദം കേട്ട ജഡ്ജി ഏത് ഹരജി ആദ്യം പരിഗണിക്കണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനം പ്രഖ്യാപിക്കും.
അഞ്ചു സ്ത്രീകൾ നൽകിയ ഹരജി നിലനിൽക്കുന്നതല്ലെന്ന തങ്ങളുടെ ഹരജിയാണ് ആദ്യം പരിഗണിക്കേണ്ടതെന്ന സുപ്രീംകോടതിയുടെ നിർദേശം നടപ്പാക്കണമെന്ന് തിങ്കളാഴ്ച നടന്ന വാദംകേൾക്കലിൽ മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം നൽകണമെന്ന് അഞ്ചു സ്ത്രീകൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ അഭ്യർഥിച്ചു.
ആരാധനാലയങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന '91ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായ ഹരജി തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ ജില്ല ജഡ്ജി മുൻഗണന നൽകി തീർപ്പുകൽപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
സീനിയർ ഡിവിഷൻ സിവിൽ കോടതിയിൽ നടന്നുവന്ന കേസ് ജില്ല കോടതിയിലേക്ക് മാറ്റാൻ ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢ്, സൂര്യകാന്ത്, പി.എസ്. നരസിംഹ എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് വെള്ളിയാഴ്ച ഉത്തരവിട്ടത്. കൂടുതൽ പ്രവൃത്തിപരിചയമുള്ള മുതിർന്ന ജഡ്ജി കേസ് കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന നിരീക്ഷണത്തോടെയായിരുന്നു ഇത്.
അതിനിടെ, പുതിയൊരു ഹരജി കൂടി കോടതിയിലെത്തി. വിഡിയോ സർവേക്കിടെ കണ്ടെത്തിയെന്ന് പ്രചരിപ്പിക്കപ്പെടുന്ന ശിവലിംഗത്തിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാശി വിശ്വനാഥക്ഷേത്രം മഹന്ത് ഡോ. കുൽപതി തിവാരിയാണ് ഹരജി നൽകിയത്.
മഥുര (യു.പി): മഥുരയിലെ കേശവദേവ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ, സമീപത്തെ ശാഹി ഈദ്ഗാഹ് മസ്ജിദിനുള്ളിലായതിനാൽ ശുദ്ധികലശം നടത്തി ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി.
ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ ഭൂമിയിലാണ് ശാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചിരിക്കുന്നതെന്നും അതുകൊണ്ട് പള്ളി പൊളിച്ചുമാറ്റി ഭൂമി ട്രസ്റ്റിന് തിരിച്ചുകൊടുക്കണമെന്നുമുള്ള ഒരു കൂട്ടം ഹരജികളിൽ വാദംകേൾക്കണമെന്ന് സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിക്ക് കഴിഞ്ഞദിവസം മഥുര ജില്ല കോടതി നിർദേശം നൽകിയിരുന്നു.
അതിനുപിറകെയാണ് തിങ്കളാഴ്ച അഖില ഭാരത് ഹിന്ദു മഹാസഭ ട്രഷറർ ദിനേശ് ചന്ദ്ര ശർമ പുതിയ ഹരജി സമർപ്പിച്ചത്.
ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ ഭൂമിയിലാണ് ശാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചത് എന്നതിനാൽ കേശവദേവ് ക്ഷേത്രത്തിന്റെ ശ്രീകോവിൽ അതിനകത്താണെന്നും ഗംഗയിലെയും യമുനയിലെയും വിശുദ്ധ ജലം ഉപയോഗിച്ച് പുണ്യാഹം നടത്തി ആരാധന അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ട്രസ്റ്റ് ഭൂമിയിലാണ് നിർമിച്ചത് എന്നതിനാൽ മസ്ജിദ് പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവർഷം ഫെബ്രുവരിയിലും ദിനേശ് ചന്ദ്ര ശർമ ഹരജി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.