വാരാണസി: കാശി വിശ്വനാഥക്ഷേത്രത്തിന് തൊട്ടുചേർന്നുള്ള ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ ശാസ്ത്രീയ സർവേ റിപ്പോർട്ട് ജില്ല കോടതിയിൽ സമർപ്പിച്ചു. കേസിൽ ഈ മാസം 21ന് കോടതി തുടർവാദം കേൾക്കും. സീൽ ചെയ്ത കവറിൽ എ.എസ്.ഐ സ്റ്റാൻഡിങ് കോൺസൽ അമിത് ശ്രീവാസ്തവയാണ് റിപ്പോർട്ട് നൽകിയതെന്ന് ഹിന്ദുപക്ഷത്തിന്റെ അഭിഭാഷകൻ മദൻ മോഹൻ യാദവ് പറഞ്ഞു. എ.എസ്.ഐയുടെ നാലു മുതിർന്ന ഓഫിസർമാരും ഈ സമയം കോടതിയിലുണ്ടായിരുന്നു. 21ന് റിപ്പോർട്ടിന്റെ പകർപ്പ് കേസിലെ ഇരുവിഭാഗത്തിനും നൽകും.
സർവേ റിപ്പോർട്ട് പരസ്യമാക്കരുതെന്ന് മുസ്‍ലിംപക്ഷ വിഭാഗം ഹരജി നൽകിയിരുന്നെന്നും എന്നാൽ, ഇതിനെ തങ്ങൾ എതിർത്തിട്ടുണ്ടെന്നും റിപ്പോർട്ട് പരസ്യമാക്കണമെന്ന് കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ടെന്നും യാദവ് കൂട്ടിച്ചേർത്തു. മസ്ജിദിന്റെ താഴികക്കുടം, നിലവറ, പടിഞ്ഞാറുഭാഗത്തുള്ള മതിൽ എന്നിവയുടെ താഴെ സമഗ്ര ശാസ്ത്രീയ സർവേ നടത്താനാണ് കോടതി ഉത്തരവിട്ടത്.
കെട്ടിടത്തിന്റെ അടിത്തറ, തൂൺ എന്നിവയുടെ കാലഘട്ടവും സ്വഭാവവും നിർണയിക്കാൻ പരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. 17ാം നൂറ്റാണ്ടിൽ നിർമിച്ച മസ്ജിദ് അതിന് മുമ്പുണ്ടായിരുന്ന ക്ഷേത്രത്തിന് മുകളിലാണോ പണിതതെന്ന് കണ്ടെത്താനാണ് ജൂലൈ 21ന് വാരാണസി ജില്ല കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർവേ നടത്തിയത്. എ.എസ്.ഐയുടെ അപേക്ഷയെതുടർന്ന് സർവേ റിപ്പോർട്ട് സമർപ്പിക്കാൻ ആറുതവണ കോടതി സമയം നീട്ടിനൽകിയിരുന്നു. മസ്ജിദിലെ വുദുഖാനയിലെ (നമസ്കാരത്തിന് അംഗശുദ്ധി വരുത്തുന്ന സ്ഥലം) ജലധാര ‘ശിവലിംഗ’മാണെന്ന് ഹരജിക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ സ്ഥലം സർവേയിൽ ഉൾപ്പെടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭാഗം സീൽ ചെയ്യണമെന്നും ഇതിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സുപ്രീംകോടതി മജിസ്ട്രേറ്റിന് നിർദേശം നൽകിയിരുന്നു.
സർവേ നടത്താനുള്ള ജില്ല കോടതി ഉത്തരവിനെതിരെ മസ്ജിദിന്റെ ചുമതലയുള്ള അഞ്ജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. എന്നാൽ, മേൽകോടതികൾ അപ്പീൽ തള്ളിയതിനെതുടർന്ന് ആഗസ്റ്റ് നാലിനാണ് സർവേ തുടങ്ങിയത്. സർവേ പൂർത്തിയായതായി നവംബർ രണ്ടിനാണ് എ.എസ്.ഐ കോടതിയെ അറിയിച്ചത്.
മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഷാഹി ഈദ്ഗാഹ് പള്ളി പരിസരത്ത് സർവേ നടത്താൻ കഴിഞ്ഞ വ്യാഴാഴ്ച അലഹബാദ് ഹൈകോടതി അനുമതി നൽകിയിരുന്നു. മസ്ജിദ് ഒരുകാലത്ത് ക്ഷേത്രമായിരുന്നെന്നും ഇതിന്റെ അടയാളങ്ങളുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.