ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിലെ വുദുഖാനയിലെ ജലധാര 'ശിവലിംഗ'മാണെന്ന് സുപ്രീംകോടതി രേഖപ്പെടുത്തിയത് ചൂണ്ടിക്കാട്ടി അവിടെ പൂജ നടത്താനുള്ള അനുമതി തേടി അപേക്ഷ. കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗം സംരക്ഷിക്കാൻ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന ആരാധന സ്വാതന്ത്ര്യപ്രകാരം അതിനെ ആരാധിക്കാനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കൃഷ്ണ ജന്മഭൂമി മുക്തി ദൾ പ്രസിഡന്റ് രാജേഷ് മണി ത്രിപാഠിയാണ് സുപ്രീംകോടതിയിലെത്തിയത്.
പള്ളിയിൽ ശിവലിംഗം കണ്ടെത്തിയെന്ന് സുപ്രീംകോടതി രേഖപ്പെടുത്തുകയും അത് സംരക്ഷിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ടെങ്കിലും ശിവ ഭക്തർക്ക് ആരാധന നടത്താൻ തടസ്സങ്ങളൊന്നുമില്ലെന്ന് ഹരജിയിൽ പറയുന്നു. ശിവലിംഗമാണെന്ന് ഉത്തരവിൽ രേഖപ്പെടുത്തരുതെന്നും അത് വുദുഖാനയുടെ ജലധാരയാണെന്നും അംഗശുദ്ധി നടത്തുന്നത് തടയരുതെന്നും അതോടെ പള്ളിയുടെ സ്വഭാവം മാറുമെന്നും പള്ളി കമ്മിറ്റി അഭിഭാഷകൻ വാദിച്ചിരുന്നുവെങ്കിലും ജസ്റ്റിസ് ചന്ദ്രചൂഡ് അംഗീകരിച്ചിരുന്നില്ല.
അതേസമയം, പള്ളി ക്ഷേത്രമാക്കി പൂജക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ചവരിൽ നാല് പേരുടെ വാദം വെള്ളിയാഴ്ച വാരാണസി കോടതിയിൽ പൂർത്തിയായിരുന്നു. പള്ളി നിന്നസ്ഥലത്ത് നേരത്തെ ക്ഷേത്രമായിരുന്നുവെന്നും പള്ളിയുടെ രജിസ്ട്രേഷൻ രേഖകൾ വ്യാജമാണെന്നുമാണ് അവർ വാദിച്ചത്. എന്നാൽ, 1947 ആഗസ്റ്റ് 15ന് വഖഫ് സ്വത്തായി നിലനിൽക്കുന്ന ഗ്യാൻവാപി പള്ളിയുടെ മതസ്വഭാവം മാറ്റാനുള്ള നീക്കം 1991ലെ ആരാധന സ്ഥല നിയമപ്രകാരം അനുവദിക്കരുതെന്നാണ് അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയുടെ വാദം. അതിലുള്ള വാദം തിങ്കളാഴ്ച തുടരാനിരിക്കേയാണ് സുപ്രീംകോടതിയിൽ വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്ന് അവകാശപ്പെട്ട് അവിടെ ആരാധന നടത്താനുള്ള അനുമതി തേടിയെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.