ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദ് കേസ് ഉയർന്ന കോടതിയിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. സീനിയർ ഡിവിഷൻ സിവിൽ കോടതിയിൽ നടന്നുവന്ന കേസ് ജില്ലാ കോടതിയിലേക്കാണ് മാറ്റിയത്. കൂടുതൽ പ്രവൃത്തി പരിചയമുള്ള മുതിർന്ന ജഡ്ജി കേസ് കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതി നടപടി.
ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എസ് നരസിംഹ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നൽകിയ ഉത്തരവിന്റെ പ്രസക്ത ഭാഗങ്ങൾ ഇവയാണ്:
● സങ്കീർണവും വൈകാരികവുമായ കേസാണിത്. സിവിൽ കോടതി മുമ്പാകെയുള്ള കേസിൽ യു.പി ജുഡീഷ്യൽ സർവിസിലെ തഴക്കമുള്ള മുതിർന്ന ജഡ്ജി വാദം കേൾക്കേണ്ടതുണ്ട്. അതുകൊണ്ട് കേസും അനുബന്ധ അപേക്ഷകളും വാരാണസി ജില്ലാ കോടതിയിലേക്ക് മാറ്റുന്നു.
● ആരാധനാലയങ്ങളുടെ കാര്യത്തിൽ തൽസ്ഥിതി തുടരണമെന്ന '91ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായ ഹരജി തള്ളണമെന്ന മസ്ജിദ് കമ്മിറ്റിയുടെ അപേക്ഷ ജില്ലാ ജഡ്ജി മുൻഗണന നൽകി തീർപ്പുകൽപിക്കണം.
● അപേക്ഷയിൽ തീർപ്പു കൽപിച്ച് എട്ടാഴ്ചവരെ നീളുന്ന കാലയളവിൽ സുപ്രീംകോടതി 17ന് നൽകിയ ഇടക്കാല ഉത്തരവ് നിലനിൽക്കും. ഗ്യാൻവാപി പള്ളിയിൽ നമസ്കാരം തടയരുത്. സിവിൽ ജഡ്ജിയുടെ ഉത്തരവിൻ പ്രകാരം, ശിവലിംഗം കണ്ടതായി പറയുന്ന സ്ഥലം സംരക്ഷിക്കണം. ജില്ലാ മജിസ്ട്രേറ്റ് ഇതിന് ക്രമീകരണം ചെയ്യണം.
● വുദു എടുക്കാൻ മതിയായ ക്രമീകരണം ചെയ്തിട്ടില്ലെങ്കിൽ, ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് ജില്ലാ മജിസ്ട്രേറ്റ് ഉചിതമായ ക്രമീകരണം ചെയ്യണം.
● മാധ്യമങ്ങൾക്ക് തെരഞ്ഞെടുത്ത വിവരങ്ങൾ ചോർത്തി നൽകുന്നത് അവസാനിപ്പിക്കണം (സിവിൽ കോടതിക്ക് നൽകിയ മുദ്രവെച്ച കവർ പൊട്ടിക്കുന്നതിനും മുമ്പേ, സർവേ റിപ്പോർട്ടിലേതെന്നു പറയുന്ന ചില വിവരങ്ങൾ മണിക്കൂറുകൾക്കകം ചോർത്തിക്കൊടുത്തതു മുൻനിർത്തിയാണിത്).
● സമുദായങ്ങൾ തമ്മിലെ സൗഹാർദവും സമാധാനവും പരമപ്രധാനമാണ്. നമുക്ക് സന്തുലിത ബോധവും ശാന്തിയും വേണം. സാന്ത്വന സ്പർശം ആവശ്യമാണ്. രാജ്യത്ത് സന്തുലിതമായ ബോധം പരിപാലിക്കപ്പെടാനുള്ള കൂട്ടായ ശ്രമമാണ് നടത്തുന്നത്.
ഗ്യാൻവാപി പള്ളിയുടെ പിൻഭാഗത്തെ വിഗ്രഹങ്ങളിൽ നിത്യാരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചു ഹിന്ദു സ്ത്രീകൾ നൽകിയ ഹരജിയാണ് വാരാണസി സിവിൽ കോടതി പരിഗണിച്ചു വന്നത്. വിശ്വേശ്വര ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി ഔറംഗസേബ് പള്ളി പണിതതെന്ന് ഹരജിയിൽ ആരോപിച്ചു. ഹരജിക്കാരുടെ ആവശ്യപ്രകാരം ഗ്യാൻവാപി പള്ളിയിൽ സർവേ നടത്താൻ വാരാണസി കോടതി ഉത്തരവിട്ടതിനെതിരെ പള്ളിക്കമ്മിറ്റി നൽകിയ ഹരജിയിലാണ് സുപ്രീംകോടതി വാദം കേട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.