ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജ അനുവദിച്ചതിനെതിരെ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധവുമായി മുസ്‍ലിം ലീഗ് എം.പിമാർ. മുസ്‍ലിം ലീഗിന്റെ ലോക്സഭ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ വെള്ളിയാഴ്ച പാർലമെന്റ് സമ്മേളിക്കുന്നതിന് തൊട്ടുമുമ്പ് ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ നടത്തി.
ഗ്യാൻവാപി വിഷയത്തിൽ നീതി നടപ്പാക്കുക, 1991ലെ ആരാധനാലയ സംരക്ഷണ നിയമം പരിരക്ഷിക്കുക, മസ്ജിദുകൾ സംരക്ഷിക്കുക, മതേതരത്വം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്ലക്കാർഡുകളേന്തി മുദ്രാവാക്യം വിളിച്ചായിരുന്നു മൂന്ന് എം.പിമാരുടെ ധർണ. അതേസമയം, ലീഗിന്റെ ഏക രാജ്യസഭ എം.പി പി.വി. അബ്ദുൽ വഹാബ് നേരത്തെ സമ്മേളനത്തിന് സഭയിലെത്തിയെങ്കിലും ധർണയിൽ പങ്കെടുത്തില്ല.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ലോക്സഭയിലും മുസ്‍ലിം ലീഗ് ഗ്യാൻവാപി വിഷയമുന്നയിച്ചു. ചർച്ചയിൽ മുസ്‍ലിം ലീഗിനെ പ്രതിനിധാനം ചെയ്ത ഇ.ടി. മുഹമ്മദ് ബഷീർ ബാബരി മസ്ജിദ് തകർത്തവർതന്നെ ഇപ്പോൾ വീണ്ടും ഗ്യാൻവാപി മസ്ജിദിനു നേരെ തിരിഞ്ഞിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.