ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തിയ അഡ്വക്കറ്റ് കമീഷണറുടെ റിപ്പോർട്ട് സുപ്രീംകോടതിക്ക് പരിശോധിക്കാനാവില്ലെന്നും വിചാരണ കോടതിയാണ് അത് ചെയ്യേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കി. അഡ്വക്കറ്റ് കമീഷണറെ വിചാരണ കോടതിയിലെ സാക്ഷിക്കൂട്ടിൽ കയറ്റി ക്രോസ്വിസ്താരം ചെയ്യാൻ പള്ളി കമ്മിറ്റിക്ക് അവസരമുണ്ടാകുമെന്നും ബെഞ്ച് തുടർന്നു. ഗ്യാൻവാപി പള്ളിക്ക് മേലുള്ള അവകാശവാദത്തിനെതിരെ അഞ്ജുമൻ ഇസ്ലാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച മൂന്ന് ഹരജികൾ സമയക്കുറവ് മൂലം ഡിസംബർ ഒന്നിലേക്ക് മാറ്റിയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്യാൻവാപി പള്ളി കമ്മിറ്റിയുടെ മൂന്ന് ഹരജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളതെന്ന് അഡ്വ. ഹുസൈഫ അഹ്മദി ബോധിപ്പിച്ചു. വുദുഖാനയിലെ ജലധാരയുടെ കാർബൺ ഡേറ്റിങ്ങിനെതിരെ സമർപ്പിച്ച ഹരജിയാണ് ഒന്ന്. അഡ്വക്കറ്റ് കമീഷണറുടെ നിയമനത്തിനെതിരെയുള്ളതാണ് രണ്ടാമത്തേത്. 1947ലെ തൽസ്ഥിതി തുടരണമെന്ന ആരാധനാലയ നിയമപ്രകാരം ഗ്യാൻവാപിക്ക് പള്ളിക്ക് മേൽ ഉന്നയിച്ച അവകാശവാദം അനുവദിക്കരുതെന്ന മൂന്നാമത്തെ ഹരജിയാണ് മുഖ്യമെന്നും ഹുസൈഫ കൂട്ടിച്ചേർത്തു.
അഡ്വക്കറ്റ് കമീഷണറുടെ നിയമനത്തിനെതിരെ സമർപ്പിച്ച ഹരജി പള്ളി പരിപാലന കമ്മിറ്റിക്ക് വേണ്ടി ഹാജരായ ഹുസൈഫ അഹമദി പരാമർശിച്ചപ്പോഴാണ് അഡ്വക്കറ്റ് കമീഷണറുടെ റിപ്പോർട്ട് സുപ്രീംകോടതിക്ക് പരിശോധിക്കാനാവില്ലെന്നും വിചാരണ കോടതിയാണ് അത് ചെയ്യേണ്ടതെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്. അഡ്വക്കറ്റ് കമീഷണറുടെ റിപ്പോർട്ടിനോടുള്ള എതിർപ്പുകൾ എല്ലാം വിചാരണ കോടതി ജഡ്ജിക്ക് മുമ്പാകെ വെക്കാവുന്നതാണ്.
വിചാരണവേളയിൽ കമീഷണർ കൂട്ടിൽ വന്നുനിൽക്കുമെന്നും താങ്കൾക്ക് ക്രോസ്വിസ്താരം നടത്താമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അഡ്വക്കറ്റ് കമീഷണറുടെ നിയമനം തന്നെ ശരിയായ രീതിയിലല്ലെങ്കിൽ ആ റിപ്പോർട്ട് അസാധുവായിത്തീരുമെന്ന് ഹുസൈഫ ഇതിനോട് പ്രതികരിച്ചു. കമീഷണറായി ആദ്യം നിയമിച്ചയാൾക്കും പിന്നീട് വന്നയാൾക്കുമെതിരെ പരാതിയുണ്ടായിരുന്നു. കമീഷണർ റിപ്പോർട്ട് കേസിന്റെ ഭാഗമാക്കി അവതരിപ്പിക്കുകയാണെങ്കിൽ പള്ളി കമ്മിറ്റി അത് ചോദ്യം ചെയ്യുമെന്നും ഹുസൈഫ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.