ന്യൂഡൽഹി: ഗ്യാൻവാപി സർവേക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി. സർവേക്ക് പുരാവസ്തു വകുപ്പിന് അലഹബാദ് ഹൈകോടതി അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. മസ്ജിദ് കമ്മിറ്റിക്ക് എല്ലാ നിയമസഹായവും നൽകുമെന്ന് മുസ്ലിം പേഴ്സണൽ ലോ ബോർഡും വ്യക്തമാക്കി.
സർവേ നടത്താൻ വാരാണസി ജില്ല കോടതി ജൂലൈ 21ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി തള്ളിയാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ വിധി പറഞ്ഞത്.
500 വർഷത്തോളം പഴക്കമുള്ള വാരാണസി ഗ്യാൻവാപി പള്ളി പരിസരത്ത് ക്ഷേത്രാവശിഷ്ടങ്ങളുണ്ടോ എന്ന് നോക്കാനുള്ള സർവേയാണ് നടക്കാൻ പോകുന്നത്.
സർവേ കൊണ്ട് വാരാണസി ഗ്യാൻവാപി പള്ളിക്ക് കേടുപാടുകൾ സംഭവിക്കില്ലെന്ന പുരാവസ്തു വകുപ്പിന്റെ അവകാശ വാദം മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എഫ്.എസ്.എ. നഖ്വി അലഹബാദ് ഹൈകോടതിയിൽ ചോദ്യം ചെയ്തിരുന്നു. സർവേ അനുവദിക്കരുതെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ മൂന്ന് ദിവസത്തെ വാദം പൂർത്തിയാക്കിയയാണ് ഹൈകോടതിയുടെ വിധി.
മൺവെട്ടികളുമായാണ് പുരാവസ്തു വകുപ്പ് സർവേക്ക് എത്തിയതെന്നത് മൂന്നാം ദിവസത്തെ വാദം കേൾക്കലിലാണ് പള്ളിക്കമ്മിറ്റി ബോധിപ്പിച്ചത്. മൺവെട്ടി ഉപയോഗിച്ചോ എന്ന കോടതിയുടെ ചോദ്യത്തിന്, സർവേ സ്റ്റേ ചെയ്തതിനാൽ ഉപയോഗിച്ചില്ലെന്ന് മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ നഖ്വി മറുപടി നൽകി.
ആയുധവുമായി ആരെങ്കിലും കോടതിയിൽ വന്നാൽ അയാളതുപയോഗിക്കുമെന്ന് അർഥമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ, ആരെങ്കിലും ആയുധവുമായി വരുന്നത് തമാശക്കല്ലെന്ന് നഖ്വി പ്രതികരിച്ചു. മുഖ്യ ഹരജി തീർപ്പാക്കാതെ മൂന്നാം കക്ഷികൾ ഓരോ ഹരജികളുമായി വരുന്നത് തങ്ങൾക്ക് പീഡനമാകുകയാണെന്ന് നഖ്വി കോടതിയെ ഉണർത്തി.
പര്യവേക്ഷണം കൊണ്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്താണുദ്ദേശിക്കുന്നതെന്നും കുഴിക്കാതെ അത് സാധ്യമല്ലേ എന്നും ചീഫ് ജസ്റ്റിസ് പുരാവസ്തു വകുപ്പിനോട് ചോദിച്ചു. തങ്ങൾ പള്ളിക്ക് കേടുപാടുകളോ വിള്ളലുകളോ വരുത്തില്ലെന്ന് എ.എസ്.ഐ ഉദ്യോഗസ്ഥൻ മറുപടി നൽകി. എ.എസ്.ഐയെ പിന്തുണച്ച യു.പി സർക്കാറിന്റെ അഡ്വക്കറ്റ് ജനറൽ ഒരു തരത്തിലുള്ള നശീകരണത്തിനും ജില്ല കോടതി ഉത്തരവിട്ടിട്ടില്ലെന്ന് വാദിച്ചു. സർവേ കോളിളക്കമുണ്ടാക്കുമെന്ന പള്ളി കമ്മിറ്റിയുടെ വാദത്തെ എതിർത്ത യു.പി സർക്കാറിന്റെ അഡ്വക്കറ്റ് ജനറൽ, കോടതി എന്ത് ഉത്തരവിട്ടാലും ക്രമസമാധാന പാലനം തങ്ങൾ നോക്കുമെന്ന് ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.