പ്രയാഗ് രാജ്: ഗ്യാൻവാപി പള്ളി അങ്കണത്തിലുണ്ടെന്ന് പറയപ്പെടുന്ന വിഗ്രഹങ്ങൾക്ക് നിത്യപൂജ ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഹിന്ദു വിഭാഗത്തിന്റെ വാദത്തിനെതിരായ തങ്ങളുടെ ഹരജി തള്ളിയ വാരാണസി കോടതി ഉത്തരവ് ചോദ്യം ചെയ്ത് പള്ളി പരിപാലന കമ്മിറ്റി നൽകിയ തിരുത്തൽ ഹരജി കൂടുതൽ വാദം കേൾക്കാൻ അലഹബാദ് ഹൈകോടതി ഡിസംബർ അഞ്ചിലേക്ക് മാറ്റി.
പള്ളിയുടെ പുറം മതിലിലുള്ള ബിംബങ്ങളിൽ പൂജയും ആരാധനയും നടത്താൻ അനുമതി തേടി അഞ്ച് ഹിന്ദു വനിതകൾ സമർപ്പിച്ച ഹരജിയുടെ സാധുത ചോദ്യം ചെയ്ത് അഞ്ജുമാൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി നൽകിയ ഹരജി തള്ളിയ വാരാണസി കോടതി ഉത്തരവിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്. വാരാണസി ജില്ല കോടതി സെപ്റ്റംബർ 12നാണ് ഹരജി തള്ളിയത്.
പള്ളി അങ്കണത്തിൽ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തിന്റെ പഴക്കം നിർണയിക്കാൻ കാർബൺ പരിശോധന ആവശ്യപ്പെട്ടുള്ള ഹരജി കീഴ്കോടതി തള്ളിയത് ചോദ്യം ചെയ്തുള്ള ഹരജിയും ഹൈകോടതി ജനുവരി 18ലേക്ക് മാറ്റി.
രണ്ടു ഹരജികളും ബുധനാഴ്ച ജസ്റ്റിസ് ജെ.ജെ. മുനീറിന്റെ ബെഞ്ചാണ് വാദം കേട്ടത്. ഒക്ടോബർ 14ന് വാരാണസി ജില്ല ജഡ്ജി എ.കെ. വിശ്വേശാണ് ഹിന്ദു വിഭാഗം ഉന്നയിച്ച ശിവലിംഗത്തിന്റെ പഴക്കം കണക്കാക്കാനുള്ള കാർബൺ പരിശോധന ആവശ്യം തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.