‘ഹാക്കർമാർ 400 ഡോളർ ആവശ്യപ്പെട്ടു’: ഫോണും വാട്ട്‌സ്ആപ്പും ഹാക്ക് ചെയ്തെന്ന് സുപ്രിയ സുലെ

മുംബൈ: തന്‍റെ ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്തതിന് ശേഷം ഹാക്കർമാർ 400 യു.എസ് ഡോളർ നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി എൻ.സി.പി എം.പിയും ശരദ്പവാറിന്‍റെ മകളുമായ സുപ്രിയ സുലെ. മുൻകരുതലുകൾ സ്വീകരിച്ചിട്ടും വാട്ട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടെന്നും ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് എല്ലാവർക്കും കൂടുതൽ കരുതൽ വേണമെന്നും സുപ്രിയ പറഞ്ഞു. സംഭവത്തിൽ പുണെ റൂറൽ പോലീസിന് പരാതി നൽകിയതായും അവർ വ്യക്തമാക്കി.

“പാർട്ടി ജനറൽ സെക്രട്ടറി അതിഥി നാൽവഡെയുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിഥിയോട് ഹാക്കർമാർ 10000 രൂപയാണ് ആവശ്യപ്പെട്ടത്. പണം തരാമെന്ന് സമ്മതിച്ച് അവരുമായി സംസാരിച്ചിരുന്നു. ഹാക്കർമാർ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി. ഇത് പൊലീസിന് കൈമാറിയിട്ടുണ്ട്” -സുപ്രിയ പറ‍ഞ്ഞു

ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് ഞായറാഴ്ചയാണ് സുപ്രിയ സുലെ ​വെളിപ്പെടുത്തിയത്. ഫോണും വാട്‌സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടെന്നും അതിനാൽ ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും എക്സിലൂടെ സുപ്രിയ ആവശ്യപ്പെട്ടു.

അതിനിടെ ബജറ്റ് സമ്മേളനത്തിന് ശേഷം ആദായനികുതി വകുപ്പിൽനിന്ന് തനിക്ക് നോട്ടീസ് ലഭിച്ചതായും സുപ്രിയ വെളിപ്പെടുത്തി. പാർലമെന്‍റിൽ സംസാരിക്കുമ്പോഴെല്ലാം ഒരേ കേസിൽ ആദായനികുതി നോട്ടീസ് ലഭിക്കുന്നത് യാദൃശ്ചികമാണോ എന്നറിയില്ല. ഓരോ തവണയും നോട്ടീസിനോട് പ്രതികരിക്കും, പിന്നീട് ഒന്നും സംഭവിക്കുന്നില്ല. ആരോപണങ്ങൾ ഉന്നയിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - ‘Hackers Demanded $400’: NCP Leader Supriya Sule After Her Phone, WhatsApp Hacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.