ന്യൂഡൽഹി: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പോലുള്ള ദുരന്തങ്ങളിൽ ജീവാപായം ഒഴിവാക്കുന്നതിന് ദുരന്ത നിവാരണ അതോറിറ്റി റെഡ്, ഓറഞ്ച് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ നിന്ന് ജനങ്ങളെ വനം വകുപ്പിന്റെ പക്കലുള്ള പ്ലാന്റേഷൻ ഭൂമിയിൽ മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതി നിർദേശവുമായി കേരള കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജോസ് കെ. മാണി കേന്ദ്ര സർക്കാറിനെ സമീപിച്ചു. വയനാട് ദുരന്തത്തിലെ ഇരകളെയും ഇത്തരത്തിൽ ഇരട്ടി കൃഷിഭൂമി നൽകി പുനരധിവസിപ്പിക്കണമെന്നും കേരള സർക്കാർ ഇത്തരമൊരു പദ്ധതിയെ പിന്തുണക്കുമെന്ന് ഉറപ്പാണെന്നും എന്നാൽ, കേന്ദ്ര വനം മന്ത്രാലയത്തിന്റെ അുനമതിയാണ് ഇതിൽ പ്രധാനമെന്നും എൽ.ഡി.എഫ് ഘടകകക്ഷി നേതാവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇത്തരത്തിൽ സ്വന്തം കൃഷിഭൂമി ഉപേക്ഷിക്കേണ്ടിവരുന്ന കർഷകർക്ക് വനം വകുപ്പിന്റെ പക്കലുള്ള വനമല്ലാത്ത തോട്ട ഭൂമികൾ നഷ്ടപ്പെട്ടതിലും ഇരട്ടിയായി അനുവദിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭുപേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജോസ് കെ. മാണി ആവശ്യപ്പെട്ടത്. ഇതിനായി ആദ്യം കേന്ദ്ര വനം മന്ത്രാലയം നയപരമായ തീരുമാനം എടുക്കണം. ഇക്കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ചർച്ച നടക്കണം.
ദുരന്ത നിവാരണ അതോറിറ്റികള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളുടെ ഭൂപടങ്ങള്‍ തയാറാക്കിയിട്ടുള്ളത്. ശാസ്ത്രീയവും സാങ്കേതികപരവുമായിട്ടാണ് റെഡ്, ഓറഞ്ച് മേഖലകൾ നിജപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ വനവിസ്തൃതി 11524.913 ചതുരശ്ര കിലോമീറ്ററാണ്.
ഇതില്‍ 51.91 ചതുരശ്ര കിലോമീറ്റര്‍ ഭൂമി തോട്ടങ്ങള്‍ സൃഷ്ടിക്കുന്നതിനായി ദീര്‍ഘകാല പാട്ടത്തിന് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കിയതാണ്. 1562.04 ചതുരശ്ര കിലോമീറ്ററില്‍ വനം വകുപ്പ് തന്നെ തേക്ക്, മാഞ്ചിയം, യൂക്കാലി തുടങ്ങിയ തോട്ടങ്ങള്‍ വളര്‍ത്തിയിട്ടുണ്ട്. ഇത് മുഴുവന്‍ റെഡ്-ഓറഞ്ച് സോണില്‍ പെടാത്ത അപകടരഹിത പശ്ചിമഘട്ട താഴ്വാരങ്ങളിലും ഇടനാട്ടിലുമാണ്. പരിസ്ഥിതി സംബന്ധമായി എന്തെങ്കിലും പ്രാധാന്യമുള്ള പ്രത്യേക വനമേഖലയല്ല ഇതെന്നും ജോസ് കെ. മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.