ന്യൂഡൽഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രേംവർക്ക് (എൻ.ഐ.ആർ.എഫ്) റാങ്ക് പട്ടികയിൽ ഐ.ഐ.ടി മദ്രാസ് ഒന്നാമത്. തുടർച്ചയായ ആറാം വർഷമാണ് സ്ഥാപനം ഈ നേട്ടം കൈവരിക്കുന്നത്. ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി) രണ്ടാം സ്ഥാനവും ഐ.ഐ.ടി ബോംബെ മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞവർഷം മൂന്നാം സ്ഥാനത്തായിരുന്ന ഐ.ഐ.ടി ഡൽഹി ഇത്തവണ നാലാം സ്ഥാനത്താണ്.
സർവകലാശാലകളുടെ വിഭാഗത്തിൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തുടർച്ചയായ ഒമ്പതാം വർഷവും ഒന്നാംസ്ഥാനം നിലനിർത്തി. ജെ.എൻ.യു, ജാമിഅ മില്ലിയ ഇസ്ലാമിയ്യ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എൻജിനീയറിങ് കോളജുകളുടെ വിഭാഗത്തിൽ ആദ്യ പത്തിൽ ഒമ്പതും ഐ.ഐ.ടികളാണ്. തുടർച്ചയായ ഒമ്പതാം തവണയും ഐ.ഐ.ടി മദ്രാസ് പട്ടികയിൽ ഒന്നാമതെത്തി. ഐ.ഐ.ടി ഡൽഹി, ഐ.ഐ.ടി ബോംബെ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മാനേജ്മെന്റ് കോളജുകളിൽ ഐ.ഐ.എം അഹ്മദാബാദിനാണ് ഒന്നാം സ്ഥാനം. ഐ.ഐ.എം ബാംഗ്ലൂർ, ഐ.ഐ.എം കോഴിക്കോട് എന്നിവയാണ് തൊട്ടുപിന്നിൽ. ആദ്യ പത്തിൽ രണ്ട് ഐ.ഐ.ടികളും (ബോംബെ, ഡൽഹി) ഇടം നേടി. ഫാർമസി കോളജുകളുടെ വിഭാഗത്തിൽ ജാമിഅ ഹംദർദിനാണ് ഒന്നാം സ്ഥാനം. ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ച് രണ്ടാം സ്ഥാനവും ബിറ്റ്സ് പിലാനി മൂന്നാം സ്ഥാനവും നേടി.
കോളജുകളിൽ ഡൽഹി യൂനിവേഴ്സിറ്റിയുടെ ഹിന്ദു കോളജ് മുന്നിലെത്തി. മിരാൻഡ ഹൗസ് കോളജ്, സെന്റ് സ്റ്റീഫൻസ് കോളജ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലോ കോളജുകളുടെ വിഭാഗത്തിൽ ബംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി, ഡൽഹി നാഷനൽ ലോ യൂനിവേഴ്സിറ്റി, ഹൈദരാബാദിലെ നൽസാർ യൂനിവേഴ്സിറ്റി എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിൽ ഐ.ഐ.ടി റൂർക്കിയാണ് ഒന്നാമത്. തൊട്ടുപിന്നാലെ ഐ.ഐ.ടി ഖരഗ്പൂരും എൻ.ഐ.ടി കാലിക്കറ്റുമുണ്ട്.
മെഡിക്കൽ കോളജുകളിൽ ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഒന്നാം സ്ഥാനവും ചണ്ഡിഗഢ് പി.ജി.ഐ.എം.ഇ, സി.എം.സി വെല്ലൂർ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. ഡെൻറൽ കോളജുകളിൽ ചെന്നൈയിലെ സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസും മണിപ്പാൽ കോളജ് ഓഫ് ഡെൻറൽ സയൻസസും ആദ്യ രണ്ട് സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ മൂന്നാം റാങ്ക് ന്യൂഡൽഹിയിലെ മൗലാന ആസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻറൽ സയൻസസ് കരസ്ഥമാക്കി.
ഗവേഷണത്തിൽ ഐ.ഐ.എസ്സി ബംഗളൂരു ഒന്നാമതെത്തി. ഐ.ഐ.ടി മദ്രാസും ഐ.ഐ.ടി ഡൽഹിയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. സംസ്ഥാന പൊതു സർവകലാശാലകൾക്കായി പുതുതായി അവതരിപ്പിച്ച വിഭാഗത്തിൽ ചെന്നൈയിലെ അണ്ണാ യൂനിവേഴ്സിറ്റി ഒന്നാം സ്ഥാനവും കൊൽക്കത്തയിലെ ജാദവ്പൂർ യൂനിവേഴ്സിറ്റി രണ്ടാം സ്ഥാനവും പുണെയിലെ സാവിത്രിഭായ് ഫൂലെ യൂനിവേഴ്സിറ്റി മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.