ന്യൂഡൽഹി: ബി.ജെ.പി ഐ.ടി സെല്ലിനെക്കുറിച്ചുള്ള യൂട്യൂബർ ധ്രുവ് റാഠിയുടെ വിഡിയോ പങ്കുവെച്ചതിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസ് ഒത്തുതീർപ്പാക്കാൻ അദ്ദേഹത്തിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി സുപ്രീംകോടതിയിൽ ആറാഴ്ച സമയം തേടി. ഇതേത്തുടർന്ന് മാനനഷ്ടക്കേസിലെ തുടർനടപടിക്കുള്ള സ്റ്റേ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നീട്ടി. അതിനിടെ, ഡല്‍ഹി മദ്യനയക്കേസിൽ സി.ബി.ഐ അറസ്റ്റ് ചോദ്യംചെയ്ത് കെജ്രിവാള് സുപ്രീംകോടതിയെ സമീപിച്ചു.
കെജ്രിവാളിന്റെ ജീവിതം ഒരു പാട് വിഷയങ്ങളിലൂടെ കടന്നു പോവുകയാണെന്ന് ഇ.ഡി, സി.ബി.ഐ കേസുകളിലേക്ക് സൂചന നൽകി സിങ്വി ബോധിപ്പിച്ചു. തുടർന്ന് കെജ്രിവാൾ നൽകിയ മാപ്പപേക്ഷ പരിശോധിച്ച എതിർഭാഗം അഭിഭാഷകൻ രാഘവ് അവസ്ഥി ക്ഷമാപണ വാചകങ്ങൾ കെജ്രിവാൾ അല്ല തീരുമാനിക്കേണ്ടതെന്നും ഉഭയകക്ഷി ചർച്ച നടക്കേണ്ടതുണ്ടെന്നും വാദിച്ചു. തുടർന്ന് ബെഞ്ച് ആറാഴ്ചത്തേക്ക് കേസ് മാറ്റുകയായിരുന്നു. മറ്റൊരു നീക്കത്തിൽ മദ്യനയക്കേസിൽ സി.ബി.ഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈകോടതി ഉത്തരവ് ചോദ്യംചെയ്ത് കെജ്രിവാള് സുപ്രീംകോടതിയെ സമീപിച്ച കാര്യം മനു അഭിഷേക് സിങ്വി ചീഫ് ജസ്റ്റിസിനുമുമ്പാകെ പരാമര്‍ശിച്ചു. ഇ-മെയില്‍ അപേക്ഷ പരിശോധിച്ച് തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഇതിന് മറുപടി നൽകി.
മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി കസ്റ്റഡിയിൽ നിന്ന് മോചിതനാകാനിരിക്കേ ജൂണ്‍ 26നാണ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്ന് ജൂലൈ 12ന് ഇ.ഡി കേസില്‍ സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചുവെങ്കിലും സി.ബി.ഐ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ ജയില്‍മോചിതനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.