ന്യൂഡൽഹി: ഹജ്ജ് കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽനിന്ന് സൗദി സർക്കാർ അനുവദിച്ച ക്വോട്ടയിലെ 6244 സീറ്റുകൾ അപ്രത്യക്ഷമായത് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി. അഞ്ചാം വർഷത്തെ അപേക്ഷകർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. പ്രശാന്ത് ഭൂഷൺ ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പുതിയ സത്യവാങ്മൂലം ചൊവ്വാഴ്ചതന്നെ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇൗ വർഷത്തെ ഹജ്ജ് ക്വോട്ട വീതംവെച്ചുകഴിഞ്ഞുവെന്നും ഇനി അഞ്ചാംവർഷക്കാരുടെ കാര്യം സുപ്രീംകോടതി പരിഗണിക്കുന്നതിൽ അർഥമില്ലെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് ആവശ്യപ്പെട്ടതിന് പിറകെയാണ് ഹജ്ജ് ക്വോട്ടയുടെ കണക്ക് അഡ്വ. പ്രശാന്ത് ഭൂഷൺ സമർപ്പിച്ചത്. മോദി സർക്കാർ പാർലമെൻറിൽവെച്ച കണക്കുപ്രകാരം ഇൗ വർഷം സൗദി അറേബ്യ ഇന്ത്യക്ക് അനുവദിച്ചത് 1,75,025 സീറ്റുകളാണ്. ഇതിൽ 75 ശതമാനം സർക്കാർ ക്വോട്ടയും ബാക്കി 25 ശതമാനം സ്വകാര്യ ഒാപറേറ്റർമാർക്കുമാണ് എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുമുണ്ട്.
ഇതുപ്രകാരം സ്വകാര്യ ഒാപറേറ്റർമാർക്ക് 43,756 സീറ്റുകൾ അനുവദിച്ച കേന്ദ്ര സർക്കാർ 1,25,025 സീറ്റുകൾ സർക്കാർ ക്വോട്ടയിലേക്ക് മാറ്റിവെച്ചുവെന്നാണ് സുപ്രീംകോടതിയെ ബോധിപ്പിച്ചതെന്ന് പ്രശാന്ത് ഭൂഷൺ തുടർന്നു. എന്നാൽ, 75 ശതമാനം സർക്കാർ ക്വോട്ടയാണെങ്കിൽ മൊത്തം 1,75,025ൽ 1,31,269 സീറ്റുകളുണ്ടാകും. അതിനാൽ അവശേഷിക്കുന്ന 6244 സീറ്റുകൾ എവിടെയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും അത് അഞ്ചാം വർഷക്കാർക്ക് വീതിച്ചുകൊടുത്ത് പ്രശ്നം പരിഹരിക്കാനാകുമെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു.
അഞ്ചാം വർഷക്കാർക്ക് നറുക്കെടുപ്പില്ലാെത അവസരം നൽകി കൂടുതൽ അപേക്ഷകരുള്ള കേരളത്തോട് ഇത്രയും കാലമായി ചെയ്തിരുന്ന നീതിയാണ് ഇൗവർഷം കേന്ദ്ര സർക്കാർ അവസാനിപ്പിച്ചതെന്നും അവർ നീതി അർഹിക്കുന്നുണ്ടെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു.
കോഴിക്കോട് വിമാനത്താവളം എംബാർക്കേഷൻ പോയൻറ് ആക്കണമെന്ന ആവശ്യം ഹജ്ജ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരായതിനാൽ പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി സൂചന നൽകി. ഇൗ രണ്ടു വിഷയത്തിലും തീരുമാനമെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി വിയോജിപ്പ് രേഖാമൂലം അറിയിച്ചിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നും കേരള ഹജ്ജ് കമ്മിറ്റി അംഗീകരിച്ച തീരുമാനമാണിതെന്നും പിങ്കി ആനന്ദ് പ്രതികരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുവേണ്ടി അഡ്വ. ഹാരിസ് ബീരാനും അഞ്ചാം വർഷക്കാർക്കുേവണ്ടി പ്രശാന്ത് ഭൂഷണിനു പുറമെ അഡ്വ. സുൽഫീക്കർ അലിയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.