ന്യൂഡൽഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി നൽകിയതിന് തങ്ങളെ കടന്നാക്രമിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അതിരൂക്ഷമായ ഭാഷയിൽ കോൺഗ്രസിന്റെ മറുപടി. കോൺഗ്രസിനോടുള്ള ആശയവിനിമയത്തിൽ കമീഷൻ ഉപയോഗിക്കുന്ന ഭാഷ ഇനിയും ലാഘവത്തോടെ കാണാൻ കഴിയില്ലെന്നും നിയമനടപടിക്ക് കമീഷൻ തങ്ങളെ നിർബന്ധിതരാക്കുകയാണെന്നും കോൺഗ്രസ് വ്യക്തമാക്കി.
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഒക്ടോബർ ഒമ്പതിന് കോൺഗ്രസ് പ്രതിനിധിസംഘം സമർപ്പിച്ച പരാതിക്ക് 29ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ മറുപടിയാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, അശോക് ഗെഹ് ലോട്ട്, ഭൂപീന്ദർ ഹൂഡ, അജയ് മാക്കൻ, അഭിഷേക് മനു സിങ്വി, ഉദയ് ഭാൻ, പ്രതാപ് ബജ്വ, ജയറാം രമേശ്, പവൻ ഖേര എന്നിവരാണ് കമീഷനുള്ള മറുപടിയിൽ ഒപ്പുവെച്ചത്.
പദവിക്ക് നിരക്കാത്ത ഭാഷയാണ് കമീഷൻ ഉപയോഗിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് സ്വന്തം ഓഫിസിനെ മാനിക്കാൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ തയാറാകണമെന്ന് ഉണർത്തി. നിഷ്പക്ഷതയുടെ അവസാന അടയാളവും ഊരിമാറ്റുകയാണ് ലക്ഷ്യമെങ്കിൽ അത്തരമൊരു തോന്നലുണ്ടാക്കുന്ന ആശാവഹമായ പ്രവൃത്തിയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കത്തിൽ പാർട്ടി പരിഹസിച്ചു. കമീഷന്റെ ഓരോ മറുപടിയും പാർട്ടിക്കോ പാർട്ടിയുടെ ഏതെങ്കിലും നേതാക്കൾക്കോ എതിരായ ആക്രമണത്തിൽ പൊതിഞ്ഞതാണ്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുടെയും മറ്റു സഹ കമീഷണർമാരുടെയും ഓഫിസിനെ മാനിച്ചുകൊണ്ട് കോൺഗ്രസ് നൽകുന്ന പരാതികൾ ഉന്നയിച്ച വിഷയത്തിലാണ് കേന്ദ്രീകരിക്കാറുള്ളത്. എന്നാൽ, കമീഷൻ നൽകുന്ന മറുപടി പദവിക്ക് നിരക്കാത്തതാണ്. കേസുകൾ തീർപ്പാക്കുന്ന ജഡ്ജിമാർ ആരും വിഷയമുന്നയിച്ച കക്ഷികളെ ആക്രമിക്കുകയോ പൈശാചികവത്കരിക്കുകയോ ചെയ്യാറില്ലെന്ന് കമീഷനെ കോൺഗ്രസ് ഓർമിപ്പിച്ചു.
സ്വയം ക്ലീൻ ചിറ്റ് നൽകിയ കമീഷൻ നടപടിയിൽ അത്ഭുതമില്ല. എന്നാൽ, കമീഷൻ നൽകിയ മറുപടിയുടെ സ്വരവും ശൈലിയും അതിനുപയോഗിച്ച ഭാഷയും കോൺഗ്രസിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമാണ് ഇത്തരമൊരു രൂക്ഷമായ മറുപടിക്ക് തങ്ങളെ നിർബന്ധിതരാക്കിയതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
പരാമർശങ്ങൾ നീക്കംചെയ്യാൻ നിയമ പരിഹാരം തേടാൻ കമീഷൻ തങ്ങളെ നിർബന്ധിതരാക്കുകയാണ്. കോവിഡ് വേളയിൽ മദ്രാസ് ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷനെക്കുറിച്ച് നടത്തിയ വിമർശനം കോൺഗ്രസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.